വഖഫ്‌: പ്രൊമോഷന്‌ പിഎസ്‌സി 
ഉറപ്പാക്കിയതും ലീഗ്‌



കോഴിക്കോട്‌  വഖഫ്‌ ബോർഡിലെ പ്രൊമോഷന്‌ പിഎസ്‌സി അംഗീകാരംവേണമെന്ന്‌ ഭേദഗതി കൊണ്ടുവന്നത്‌ മുസ്ലിംലീഗ്‌ ഭരണത്തിൽ. നിയമനങ്ങൾക്ക്‌ വഖഫ്‌ ബോർഡ്‌ സർക്കാർ അംഗീകാരം മൂൻകൂർ നേടണമെന്നും ഭേദഗതിയിലൂടെ ഉറപ്പാക്കി. 2011ൽ പി കെ കുഞ്ഞാലിക്കുട്ടി വഖഫ്‌ മന്ത്രിയായിരിക്കവേയാണ്‌ വ ഖഫ്‌ നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയത്‌. വഖഫ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ സമുദായസംഘടനകളെ ഇളക്കിവിട്ട്‌ ലീഗ്‌ നടത്തുന്ന സമരത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ്‌ 2011ലെ ഈ ഭേദഗതികൾ.  നിയമിതരാകുന്ന ഉദ്യോഗസ്ഥർ പ്രൊമോഷന്‌ പിഎസ്‌സിയുടെ അക്കൗണ്ട്‌ ടെസ്‌റ്റടക്കമുള്ള നിശ്ചിത പരീക്ഷകൾ പാസാകണമെന്നാണ്‌ വരുത്തിയ ഭേദഗതി. പിഎസ്‌സിയുടെ ഈ പരീക്ഷകൾ വിജയിക്കാത്ത ഉദ്യോഗസ്ഥർ പ്രൊമോഷന്‌ അർഹരല്ലെന്നും ഇതിലുണ്ട്‌. നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയ ഈ ഭേദഗതി മറച്ചുവച്ചാണ്‌ ലീഗിപ്പോൾ സർക്കാർവിരുദ്ധ സമരത്തിന്‌ രംഗത്തിറങ്ങിയത്‌. വഖഫിൽ വിശ്വാസ ആചാരങ്ങളെ അംഗീകരിക്കാത്തവർക്കടക്കം നിയമനം നൽകാമെന്ന്‌ ലീഗ്‌ ഭരണത്തിൽ ഭേദഗതി വരുത്തിയതും നേരത്തെ വെളിപ്പെട്ടിരുന്നു. Read on deshabhimani.com

Related News