പ്രതീക്ഷയോടെ ‘ലാവണ്യ’ ഇനി പുതിയ സ്വപ്‌നങ്ങൾ

മേളയിലെ ലാവണ്യ കുടുംബശ്രീ സ്റ്റാൾ


കോട്ടയം ‘ഞങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കുന്നു. ഇനി കരുത്തോടെ മുന്നോട്ട് പോകാമെന്ന ആത്മവിശ്വാസം മേള തന്നു' അശ്വതിയുടെ വാക്കുകളിൽ പുതിയ പ്രതീക്ഷയാണ്‌. തൃക്കൊടിത്താനം ലാവണ്യ കുടുംബശ്രീ അംഗമാണ് അശ്വതി. പത്ത് പേരടങ്ങിയ സംഘത്തിന്റെ വരുമാനമാർഗമാണ്‌ വിവിധ പൊടികളുടെ നിർമാണം. ഏഴുവർഷം മുമ്പ് തുടങ്ങിയ സംരംഭത്തിന് ദിശാബോധം ലഭിച്ചത് 2019ൽ കുടുംബശ്രീ നടത്തിയ ഇടപെടലാണ്‌. അവരുടെ ക്ലാസിലൂടെ മസാലപൊടികളുടെ നിർമാണത്തിൽ സ്വന്തമായി ഒരു അടയാളപ്പെടുത്തൽ നേടിയെടുക്കാൻ ‘ലാവണ്യ'ക്കായി.  പക്ഷേ, വിപണനം വെല്ലുവിളിയായി. മസാലകൾ വീടുകളിൽ എത്തിച്ചായിരുന്നു വിറ്റിരുന്നത്‌. ഇതിനിടെയാണ്‌ എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക്‌ എത്തുന്നത്‌.  ആദ്യദിവസം മുതൽ ലഭിച്ചത്‌ അപൂർവമായ പിന്തുണ. ‘ഞങ്ങളുടെ ഉൽപ്പന്നം വാങ്ങിയ ഒരാൾ വീണ്ടും അത്‌ അന്വേഷിച്ചെത്തിയത്‌ പുതിയ ഊർജം നൽകി. മേള സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്‌’–- അവർ അഭിമാനത്തോടെ പറഞ്ഞുനിർത്തി. ഇനി സ്വന്തമായി കട തുടങ്ങി മസാലപ്പൊടികളുടെ നിർമാണം വിപുലീകരിക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം. അത്‌ സാധിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ്‌ സംഘം മടങ്ങുന്നതും. Read on deshabhimani.com

Related News