28 March Thursday

പ്രതീക്ഷയോടെ ‘ലാവണ്യ’ ഇനി പുതിയ സ്വപ്‌നങ്ങൾ

ജിതിൻ ബാബുUpdated: Tuesday May 23, 2023

മേളയിലെ ലാവണ്യ കുടുംബശ്രീ സ്റ്റാൾ

കോട്ടയം
‘ഞങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കുന്നു. ഇനി കരുത്തോടെ മുന്നോട്ട് പോകാമെന്ന ആത്മവിശ്വാസം മേള തന്നു' അശ്വതിയുടെ വാക്കുകളിൽ പുതിയ പ്രതീക്ഷയാണ്‌. തൃക്കൊടിത്താനം ലാവണ്യ കുടുംബശ്രീ അംഗമാണ് അശ്വതി. പത്ത് പേരടങ്ങിയ സംഘത്തിന്റെ വരുമാനമാർഗമാണ്‌ വിവിധ പൊടികളുടെ നിർമാണം. ഏഴുവർഷം മുമ്പ് തുടങ്ങിയ സംരംഭത്തിന് ദിശാബോധം ലഭിച്ചത് 2019ൽ കുടുംബശ്രീ നടത്തിയ ഇടപെടലാണ്‌. അവരുടെ ക്ലാസിലൂടെ മസാലപൊടികളുടെ നിർമാണത്തിൽ സ്വന്തമായി ഒരു അടയാളപ്പെടുത്തൽ നേടിയെടുക്കാൻ ‘ലാവണ്യ'ക്കായി. 
പക്ഷേ, വിപണനം വെല്ലുവിളിയായി. മസാലകൾ വീടുകളിൽ എത്തിച്ചായിരുന്നു വിറ്റിരുന്നത്‌. ഇതിനിടെയാണ്‌ എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക്‌ എത്തുന്നത്‌. 
ആദ്യദിവസം മുതൽ ലഭിച്ചത്‌ അപൂർവമായ പിന്തുണ. ‘ഞങ്ങളുടെ ഉൽപ്പന്നം വാങ്ങിയ ഒരാൾ വീണ്ടും അത്‌ അന്വേഷിച്ചെത്തിയത്‌ പുതിയ ഊർജം നൽകി. മേള സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്‌’–- അവർ അഭിമാനത്തോടെ പറഞ്ഞുനിർത്തി. ഇനി സ്വന്തമായി കട തുടങ്ങി മസാലപ്പൊടികളുടെ നിർമാണം വിപുലീകരിക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം. അത്‌ സാധിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ്‌ സംഘം മടങ്ങുന്നതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top