തോട്ടില്‍വീണ 3 വയസ്സുകാരന്റെ 
മൃതദേഹം കണ്ടെത്തി

രാഹുല്‍


കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽവീണ് കാണാതായ മൂന്നു വയസ്സുകാരനായ നാടോടിബാലൻ  രാഹുലിന്റെ  മൃതദേഹം കണ്ടെത്തി. തിങ്കൾ രാവിലെയാണ് ഓടനാവട്ടം കട്ടയിൽ ഭാ​ഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കുന്നത്ത് തമ്പടിച്ചിരുന്ന മൈസൂരു സ്വദേശികളായ വിജയന്റെയും ചിങ്കുവിന്റെയും മകനാണ്.  വെള്ളിയാഴ്‌ച രാത്രി 10നാണ് രാഹുലിനെ കാണാതായത്.  തോട്ടിലേക്ക് നടന്നടുക്കുന്ന ദൃശ്യങ്ങൾ സമീപത്തെ കടകളിലെ സിസിടിവിയിൽനിന്നു പൊലീസിനു ലഭിച്ചിരുന്നു. രണ്ടുദിവസം പെയ്ത കനത്ത മഴയെ അവ​ഗണിച്ച് അഗ്നിരക്ഷാസേനയും പൊലീസും സ്കൂബാ ടീമും നാട്ടുകാരും  രാത്രിയും പകലുമായി വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കൾ രാവിലെ എട്ടിന്‌ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കുന്നത്ത് എത്തിയ 15 അം​ഗങ്ങളുള്ള നാടോടി സംഘം മൂന്നു കടത്തിണ്ണയിലായി കഴിയുകയായിരുന്നു. ഇതിലൊരു സംഘത്തിലെ കുട്ടിയായിരുന്നു രാഹുൽ. മൃതദേഹം കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News