പോകാം അഷ്ടമുടി സവാരി
കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഹിറ്റായതിനു പിന്നാലെ കൊല്ലത്ത് വിനോദ ജലസവാരിയുമായി ജലഗതാഗത വകുപ്പ്. അഷ്ടമുടിക്കായലിന്റെ മനോഹാരിത ആസ്വദിച്ചുള്ള ‘സീ അഷ്ടമുടി’ ഡബിൾ ഡെക്കർ ബോട്ട് സവാരിക്ക് 15ന് തുടക്കമാകും. ഇതിന് മുന്നോടിയായി ബോട്ടിന്റെ അവസാന ട്രയൽ റൺ ചൊവ്വ പകൽ 11ന് നടക്കും. സാമ്പ്രാണിക്കോടിയിലേക്ക് രാവിലെ 10നും പകൽ മൂന്നിനും ദിനംപ്രതി രണ്ട് സർവീസാണ് നടത്തുക. കൊല്ലം–-സാമ്പ്രാണിക്കോടി–-പെരുങ്ങാലം റൂട്ടിലൂടെ മൂന്നര മണിക്കൂറുള്ള സർവീസാണ് ഒരുക്കിയത്. സാമ്പ്രാണിക്കോടി തുരുത്തിൽ ഇറങ്ങി ഒരുമണിക്കൂർ സമയം ചെലവഴിക്കാനും അവസരമുണ്ട്. കുടുംബശ്രീ നേതൃത്വത്തിൽ ഉച്ചഭക്ഷണം, ചായ, കാപ്പി, ലഘുഭക്ഷണം എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. മുപ്പതു സീറ്റുള്ള അപ്പർ ഡെക്കിൽ 300 രൂപയും 60 സീറ്റുള്ള ലോവർ ഡെക്കിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതി നിരക്കും അഞ്ചിന് താഴെ സൗജന്യവുമാണ്. ടിക്കറ്റ് ഉറപ്പാക്കാൻ നേരത്തെ ബുക്ക് ചെയ്യാം. ഒരു മാസം കഴിഞ്ഞ് വരെയുള്ള തീയതികളും ബുക്ക് ചെയ്യാനാകും. ഗ്രൂപ്പ് ബുക്കിങ്ങിനും സൗകര്യമുണ്ട്. ആലപ്പുഴ ‘സീ കുട്ടനാട്’ പദ്ധതി മാതൃകയിലാണ് കൊല്ലത്തും കായൽ വിനോദസഞ്ചാര മേഖലയിൽ ‘സീ അഷ്ടമുടി’ എത്തുന്നത്. സർവീസ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. Read on deshabhimani.com