11.35കോടിയുടെ പദ്ധതികൾ നടപ്പാക്കും
അഞ്ചൽ ഉല്‍പ്പാദന സേവന മേഖലകൾക്ക് പ്രാധാന്യം നൽകി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ. പ്രസിഡന്റ് രാധാ രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനംചെയ്തു. 2022 –-23 സാമ്പത്തിക വർഷത്തിൽ 11.35കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ബ്ലോക്ക് ലക്ഷ്യമിടുന്നത്. ഇതിൽ ഉല്‍പ്പാദന- സേവന മേഖലകൾക്കായി മാത്രം എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉല്‍പ്പാദന മേഖലയിൽ 1.37കോടിയുടെയും സേവനമേഖലയിൽ 6.63 കോടി രൂപയുടെയും പദ്ധതികളാണ് ബ്ലോക്ക് ഏറ്റെടുക്കുന്നത്. പിഎംഎവൈ, ലൈഫ് മിഷൻ ഭവന പദ്ധതിക്കായി 1.46കോടി രൂപയും വനിതാ ഘടകപദ്ധതിയിൽ 64.29ലക്ഷവും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായും പട്ടികവർഗ ക്ഷേമത്തിനായും 32.14ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്. നൂതന പദ്ധതികൾക്കായി 60ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനീഷ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കോമളകുമാർ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ മുരളി, ബ്ലോക്ക് പഞ്ചായത്ത്അംഗം എ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com