ഹൊസ്‌ദുർ​ഗ് സർവീസ് സഹകരണ ബാങ്കിൽ അംഗത്വം കോൺഗ്രസുകാർക്ക്‌ മാത്രം

ഇതര പാർട്ടിക്കാർക്ക്‌ അംഗത്വം നൽകിയത്‌ തെറ്റാണെന്ന്‌ കാട്ടി ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ ദളിത്‌ കോൺഗ്രസ്‌ നേതാവ്‌ കെ പി മോഹനന്‌ നൽകിയ കത്ത്‌


കാഞ്ഞങ്ങാട്> ഹൊസ്‌ദുർ​ഗ് സർവീസ് സഹകരണ ബാങ്കിൽ കോൺ​ഗ്രസുകാരനല്ലാത്ത ഒരാൾക്ക് അം​ഗത്വം നൽകിയെന്ന് ആരോപിച്ച് ദളിത് നേതാവിനെ പാർടിയിൽ നിന്ന്‌  പുറത്താക്കി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ പി മോഹനനെയാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ സസ്‌പെൻഡ്‌  ചെയ്‌തത്.    യുഡിഎഫ് ഇതര പാർടിക്കാരന്  ബാങ്കിൽ അം​ഗത്വം നൽകിയതിനാണ്‌ നടപടിയെന്ന്‌ ഡിസിസി പ്രസിഡന്റ്‌ നൽകിയ കത്തിൽ പറയുന്നു. പൊതുസ്ഥാപനത്തിൽ അംഗത്വം നൽകുന്നത്‌ രാ വിലക്കുന്നത്‌ നിയമവിരുദ്ധമാണ്‌ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്‌. പാർടിയിലെ കടുത്ത ​ഗ്രൂപ്പിസത്തിന്റെ ഭാഗമാണ്‌ മോഹനനെതിരെയുള്ള നടപടിയെന്ന്‌ ഒരുവിഭാ​ഗം പറഞ്ഞു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ബാങ്ക് ഡയറക്‌ടറുമാണ് മോഹനൻ. വായ്‌പക്കായാണ്‌ പലരും ബാങ്കിൽ അംഗമാകുനത്‌.     പാർടിയിലെ ദളിത് മുഖമായ മോഹനനെ ഒതുക്കുന്നതോടെ ആ വിഭാ​ഗത്തിന്റെ പിന്തുണ നഷ്‌ട‌പ്പെടുമെന്ന് പ്രവർത്തകർ പറയുന്നു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് ആറുമാസത്തേക്കാണ് സസ്പെൻഷനെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. നവ മാധ്യമത്തിലൂടെ നേതൃത്വത്തെ ചോദ്യം ചെയ്തെന്ന കുറ്റവും ഡിസിസി പ്രസിഡന്റ് ചാർത്തുന്നു.    Read on deshabhimani.com

Related News