കേരള കോണ്‍ഗ്രസ് എം സംഘം 
മുഖ്യമന്ത്രിയെ കണ്ടു



തിരുവനന്തപുരം  റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയർത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്‌ ചെയർമാൻ ജോസ് കെ മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് എം പാർലമെന്ററി പാർടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു നിവേദനം നൽകി.  പത്തനംതിട്ട, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ പട്ടയവിഷയം പരിഹരിക്കാൻ സ്‌പെഷൽ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും ഹാൻഡ്‌ലിങ് ചാർജും വർധിപ്പിക്കണമെന്നും ഏലം, നാളികേരം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പാർടി സമർപ്പിച്ച നിർദേശം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സംഘം മുഖ്യമന്ത്രിക്ക് കൈമാറി.  ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേരള കോൺഗ്രസ് എം മുന്നോട്ടു വച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചെയർമാൻ ജോസ് കെ  മാണി അറിയിച്ചു. Read on deshabhimani.com

Related News