വിനോദസഞ്ചാരികൾക്ക് കൗതുകവും നാട്ടുകാർക്ക് ഭീതിയുമാകുന്നു



മറയൂർ മറയൂർ–- ചിന്നാർ റോഡിലും മൂന്നാർ റോഡിലുമായി വന്യമൃഗങ്ങൾ ഇറങ്ങുന്നത് വിനോദസഞ്ചാരികൾക്ക് കൗതുകവും സ്ഥിരയാത്രക്കാർക്ക് ഭീതിയുമാകുന്നു. വെള്ളി പകൽ 12.45 ഓടെയാണ്‌ മറയൂർ ചന്ദനറിസർവിലെ വേലി ചാടി പുറത്തിറങ്ങിയ കാട്ടുപോത്ത്‌ റോഡിലെത്തിയത്‌. ഈ സമയം ഇതുവഴി യാത്രചെയ്ത സഞ്ചാരികൾക്ക് കൗതുകമായിരുന്നെങ്കിലും ആക്രമിക്കാമെന്ന ഭീതിയിലായിരുന്നു സ്ഥിരമായുള്ള യാത്രക്കാർ. പത്തു മിനിറ്റോളം റോഡിലൂടെ നടന്ന കാട്ടുപോത്തിനെ മൊബൈൽ നെറ്റ്‌വർക്കിന്  കേബിൾ പതിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്‌ ചന്ദനസംരക്ഷണ വേലിയിലെ ഗേറ്റ് തുറന്ന്‌ കടത്തിവിട്ടത്. കഴിഞ്ഞദിവസം രാത്രി മറയൂർ–- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ചിന്നാറിൽ കാട്ടാനക്കൂട്ടം കുട്ടികളുമായി റോഡിലൂടെ സഞ്ചരിച്ചത് യാത്രക്കാരെ മണിക്കൂറുകളോളം വലച്ചിരുന്നു. മറയൂർ–- മൂന്നാർ റോഡിലും സ്ഥിരമായി കാട്ടാനക്കൂട്ടവും ഒറ്റയാനും ഇറങ്ങുന്നത് പതിവാണ്. ഇതിനാൽ വളവും കുന്നിൻച്ചെരിവുമായ വഴികളിലൂടെയുള്ള യാത്രയിൽ അപകടത്തിൽപ്പെടാതിരിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News