17 April Wednesday
റോഡിൽ കാട്ടാനക്കൂട്ടവും കാട്ടുപോത്തും

വിനോദസഞ്ചാരികൾക്ക് കൗതുകവും നാട്ടുകാർക്ക് ഭീതിയുമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
മറയൂർ
മറയൂർ–- ചിന്നാർ റോഡിലും മൂന്നാർ റോഡിലുമായി വന്യമൃഗങ്ങൾ ഇറങ്ങുന്നത് വിനോദസഞ്ചാരികൾക്ക് കൗതുകവും സ്ഥിരയാത്രക്കാർക്ക് ഭീതിയുമാകുന്നു. വെള്ളി പകൽ 12.45 ഓടെയാണ്‌ മറയൂർ ചന്ദനറിസർവിലെ വേലി ചാടി പുറത്തിറങ്ങിയ കാട്ടുപോത്ത്‌ റോഡിലെത്തിയത്‌. ഈ സമയം ഇതുവഴി യാത്രചെയ്ത സഞ്ചാരികൾക്ക് കൗതുകമായിരുന്നെങ്കിലും ആക്രമിക്കാമെന്ന ഭീതിയിലായിരുന്നു സ്ഥിരമായുള്ള യാത്രക്കാർ. പത്തു മിനിറ്റോളം റോഡിലൂടെ നടന്ന കാട്ടുപോത്തിനെ മൊബൈൽ നെറ്റ്‌വർക്കിന്  കേബിൾ പതിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്‌ ചന്ദനസംരക്ഷണ വേലിയിലെ ഗേറ്റ് തുറന്ന്‌ കടത്തിവിട്ടത്. കഴിഞ്ഞദിവസം രാത്രി മറയൂർ–- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ചിന്നാറിൽ കാട്ടാനക്കൂട്ടം കുട്ടികളുമായി റോഡിലൂടെ സഞ്ചരിച്ചത് യാത്രക്കാരെ മണിക്കൂറുകളോളം വലച്ചിരുന്നു. മറയൂർ–- മൂന്നാർ റോഡിലും സ്ഥിരമായി കാട്ടാനക്കൂട്ടവും ഒറ്റയാനും ഇറങ്ങുന്നത് പതിവാണ്. ഇതിനാൽ വളവും കുന്നിൻച്ചെരിവുമായ വഴികളിലൂടെയുള്ള യാത്രയിൽ അപകടത്തിൽപ്പെടാതിരിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top