47 സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം
ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള 47 സ്കൂളുകളിൽ ആൺ -പെൺ ഭേദമില്ലാതെ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കും. വെള്ളിയാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിലാണ് ഇതിന് അംഗീകാരം നൽകിയത്. വിദ്യാഭ്യാസവകുപ്പുമായി ചേർന്ന പദ്ധതി അടുത്ത അധ്യയനവർഷംമുതൽ ആരംഭിക്കും. എൽപിമുതൽ ഹയർസെക്കൻഡറിവരെ സ്കൂളുകളിലെ യൂണിഫോമിന്റെ നിറമടക്കം കാര്യങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർദേശംകിട്ടിയശേഷം തീരുമാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ഇതിനായി പ്രഥമ അധ്യാപകരുടെ യോഗം ചേരും. കുടുംബശ്രീയുടെ അപ്പാരൽ യൂണിറ്റ് വഴി യൂണിഫോം തയ്ക്കാൻ ആലോചനയിലുണ്ട്. ഈ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, അഡ്വ. ആർ റിയാസ്, പി അഞ്ജു, നികേഷ് തമ്പി, കെ ആർ ദേവദാസ്, മുബിൻ, വി ഷാജി എന്നിവർ പങ്കെടുത്തു. Read on deshabhimani.com