ഒരാഴ്ച മുമ്പേ പൊങ്ങ തുറന്നു
ആലപ്പുഴ എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി പുനർനിർമിച്ച പൊങ്ങപ്പാലം വ്യാഴാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ പാലം തുറന്നുകൊടുക്കാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് കഴിഞ്ഞു. ആഗസ്ത് 29നാണ് പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയത്. പാലം തുറന്നതോടെ കെഎസ്ആർടിസി ബസ് കളർകോട് വരെ സർവീസ് നീട്ടിയതും ഗതാഗതം സാധാരണ നിലയിലായതും യാത്രാദുരിതത്തിനും പരിഹാരമായിട്ടുണ്ട്. അതേസമയം ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി വഴിയുള്ള ദീർഘദൂര സർവീസുകൾ ഇപ്പോഴും അമ്പലപ്പുഴ –--എടത്വ-–-പൊടിയാടി-–-തിരുവല്ല വഴിയാണ് പോകുന്നത്. പാലം തുറന്നതോടെ ആലപ്പുഴയിലേക്ക് പ്രവേശിക്കുന്ന പക്കിപ്പാലവും പരിസരവും ചെറുവാഹനങ്ങളുടെ തിരക്കിലായി. നിലവിൽ താൽക്കാലിക പാതയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തിരക്കേറിയ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയും കാണാം. പാറശേരി, മാധവശേരി പാലങ്ങൾ പൊളിക്കുന്നതോടെ ചമ്പക്കുളം- മാമ്മൂട് പാലം വഴി ബസുകൾ മങ്കൊമ്പിൽ എത്തിച്ച് സർവീസ് നടത്താനാണ് കെഎസ്ആർടിസി ആലോചന. ചമ്പക്കുളം മാമ്മൂട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുകയാണ്. ആദ്യംപൊളിച്ച പക്കിപ്പാലം പത്തുദിവസത്തിനകം തുറന്നുകൊടുക്കാനായേക്കുമെന്ന് കരാർ കമ്പനി അറിയിച്ചു. നിലവിൽ പാലത്തിന്റെ കോൺക്രീറ്റും കൈവരിയും പൂർത്തിയായിട്ടുണ്ട്. Read on deshabhimani.com