വിഷമഴയെ തോൽപിച്ച്‌ ശിൽപ



ചീമേനി ശാരീരിക അവശതകളെ അതിജീവിച്ച‌് വീട്ടിലിരുന്ന‌ു പഠിച്ച‌് ചീമേനി എലിക്കോട്ട‌്പൊയിലിലെ കെ ബി ശിൽപ  ഹയർസെക്കൻഡറി പരീക്ഷയിൽ നേടിയത്‌ മികച്ച വിജയം.   ചീമേനി ഗവ. ഹയർസെക്കൻഡറി സ‌്കൂളിലെ ഹ്യുമാനിറ്റീസ‌് വിദ്യാർഥിയാണ‌് ശിൽപ.   എൻഡോസൾഫാൻ വിഷമഴയുടെ ദുരിതം ജൻമനാ അനുഭവിക്കുകയാണ‌് ശിൽപ.  എല്ലുപൊടിയുന്ന അസുഖമാണ‌് ശിൽപക്ക്‌. നിരവധി ചികിത്സ നടത്തിയെങ്കിലും അസുഖം വിടാതെ പിന്തുടരുകയാണ‌്. അസുഖം ശരീരത്തെ തളർത്തിയെങ്കിലും മകളുടെ പഠനമോഹത്തിന‌് മാതാപിതാക്കൾ പൂർണ പിന്തുണ നൽകി. സ‌്കൂളിലെത്താൻ ആശിച്ചപ്പോൾ സ‌്കൂളിലെത്തിച്ചും  വീട്ടിൽ പഠന സൗകര്യം ഒരുക്കിയും അവർ തണലായി. എൽപി, യുപി, ഹൈസ‌്കൂൾ പഠനമെല്ലാം വീട്ടിൽ തന്നെയായിരുന്നു. പഠന സഹായവുമായി അധ്യാപകർ ശിൽപയുടെ വീട്ടിലെത്തും. സഹപാഠികളും സഹായിക്കും .  പഠനത്തോടൊപ്പം വായനയും എഴുത്തും ശിൽപയുടെ വിനോദമാണ‌്. പടന്നക്കാട‌് നെഹ‌്റു കോളേജ‌് സാഹിത്യവേദി ഈ മിടുക്കിയുടെ ‘നിറഭേദങ്ങൾ ’എന്ന കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. ഇനി  ഉന്നത പഠനമാണ്‌ ലക്ഷ്യം.   കൂലി തൊഴിലാളിയായ ഭുവനചന്ദ്രന്റെയും കെ കെ നിഷയുടെയും മകളാണ‌്. സഹോദരി ശാലിനി പെരിയ കേന്ദ്ര സർവകലാശാലയിൽ അവസാന വർഷ പിജി വിദ്യാർഥിനിയാണ‌്. Read on deshabhimani.com

Related News