കേരള പൊലീസ്‌ ഇനി മെറ്റാവേഴ്സിലും



കൊച്ചി ലോകത്തെ സാങ്കേതികമാറ്റങ്ങൾക്കൊപ്പം ചുവടുവയ്‌ക്കുന്ന കേരള പൊലീസിലെ സൈബർ ഡോം ഇനി മെറ്റാവേഴ്സിലും. മെറ്റാവേഴ്സിൽ സാന്നിധ്യമുള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഏജൻസിയായി ഇതോടെ കേരള പൊലീസ് മാറി. കൊക്കൂണിന്റെ സമാപനച്ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് മെറ്റാവേഴ്സ്–--കേരള പൊലീസ്‌–-സൈബർ ഡോം പദ്ധതി ഉദ്ഘാടനം ചെയ്തത്.   നവമാധ്യമരംഗത്തെ അടുത്തഘട്ടമാണ് മെറ്റാവേഴ്സ്. ഇതുവഴി ഇനി ലോകത്ത് എവിടെയിരുന്നും സൈബർ ഡോമിന്റെ ഓഫീസ് വെർച്വലായി സന്ദർശിക്കാനാകും. വെർച്വൽ റിയാലിറ്റിയും നേരിട്ടുള്ള അനുഭവവും കൂട്ടിച്ചേർത്ത് ഇന്റർനെറ്റും വെർച്വൽ റിയാലിറ്റി ഹെഡ്സൈറ്റും ഉപയോ​ഗിച്ച് നേരിട്ട് കാണുന്നപോലെ സൈബർ ഡോം സന്ദർശിക്കാനും ആശയവിനിമയം നടത്താനുമാകും. ഓൺലൈൻ രം​ഗത്ത് നമ്മുടെ ദിവസേനയുള്ള കാര്യങ്ങൾ ഭാവിയിൽ മെറ്റാവേഴ്സ് വഴി നടപ്പാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്‌. വിനോദം, സമൂഹമാധ്യമം, വിദ്യാഭ്യാസരം​ഗം, ടൂറിസം രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. 2026ഓടെ 25 ശതമാനം ആളുകൾ ദിവസം ഒരുമണിക്കൂറെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് മെറ്റാവേഴ്സ് ഉപയോ​ഗിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ഇതിന്റെ വളർച്ചയ്ക്കനുസരിച്ച് സൈബർ രം​ഗത്തെ കുറ്റവാളികളും ഇതിലൂടെ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ട്‌. ഇതിന് തടയിടുന്നതോടൊപ്പം അതിന്റെ പ്രതിരോധത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പും ലക്ഷ്യമിട്ടാണ്‌ പൊലീസ്‌ സൈബർ ഡോം ഇത്തരം നൂതനസംരംഭങ്ങളുമായി കൈകോർക്കുന്നത്. കേരള പൊലീസ് മെറ്റാവേഴ്സ് നടപ്പാക്കുന്നത് അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ്. Read on deshabhimani.com

Related News