29 March Friday

കേരള പൊലീസ്‌ ഇനി മെറ്റാവേഴ്സിലും

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കൊച്ചി
ലോകത്തെ സാങ്കേതികമാറ്റങ്ങൾക്കൊപ്പം ചുവടുവയ്‌ക്കുന്ന കേരള പൊലീസിലെ സൈബർ ഡോം ഇനി മെറ്റാവേഴ്സിലും. മെറ്റാവേഴ്സിൽ സാന്നിധ്യമുള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഏജൻസിയായി ഇതോടെ കേരള പൊലീസ് മാറി. കൊക്കൂണിന്റെ സമാപനച്ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് മെറ്റാവേഴ്സ്–--കേരള പൊലീസ്‌–-സൈബർ ഡോം പദ്ധതി ഉദ്ഘാടനം ചെയ്തത്.  

നവമാധ്യമരംഗത്തെ അടുത്തഘട്ടമാണ് മെറ്റാവേഴ്സ്. ഇതുവഴി ഇനി ലോകത്ത് എവിടെയിരുന്നും സൈബർ ഡോമിന്റെ ഓഫീസ് വെർച്വലായി സന്ദർശിക്കാനാകും. വെർച്വൽ റിയാലിറ്റിയും നേരിട്ടുള്ള അനുഭവവും കൂട്ടിച്ചേർത്ത് ഇന്റർനെറ്റും വെർച്വൽ റിയാലിറ്റി ഹെഡ്സൈറ്റും ഉപയോ​ഗിച്ച് നേരിട്ട് കാണുന്നപോലെ സൈബർ ഡോം സന്ദർശിക്കാനും ആശയവിനിമയം നടത്താനുമാകും.

ഓൺലൈൻ രം​ഗത്ത് നമ്മുടെ ദിവസേനയുള്ള കാര്യങ്ങൾ ഭാവിയിൽ മെറ്റാവേഴ്സ് വഴി നടപ്പാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്‌. വിനോദം, സമൂഹമാധ്യമം, വിദ്യാഭ്യാസരം​ഗം, ടൂറിസം രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. 2026ഓടെ 25 ശതമാനം ആളുകൾ ദിവസം ഒരുമണിക്കൂറെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് മെറ്റാവേഴ്സ് ഉപയോ​ഗിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

ഇതിന്റെ വളർച്ചയ്ക്കനുസരിച്ച് സൈബർ രം​ഗത്തെ കുറ്റവാളികളും ഇതിലൂടെ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ട്‌. ഇതിന് തടയിടുന്നതോടൊപ്പം അതിന്റെ പ്രതിരോധത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പും ലക്ഷ്യമിട്ടാണ്‌ പൊലീസ്‌ സൈബർ ഡോം ഇത്തരം നൂതനസംരംഭങ്ങളുമായി കൈകോർക്കുന്നത്. കേരള പൊലീസ് മെറ്റാവേഴ്സ് നടപ്പാക്കുന്നത് അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top