കിടപ്പുമുറിയിൽ പത്ത് ചാക്ക് നിരോധിത പുകയില ഉത്പന്നം; കോഴിക്കോട് യുവാവ് അറസ്റ്റിൽ



കോഴിക്കോട്​> നാല് ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്​പന്നങ്ങളുമായി യുവാവ്​ അറസ്റ്റിൽ. പുതിയറ സ്വദേശി തച്ചറക്കൽ മുജീബിനെയാണ്​ (43) മെഡിക്കൽ കോളേജ്​ പൊലീസ്​ ശനിയാഴ്ച അറസ്റ്റു ചെയ്തത്​. അസി കമീഷണർ കെ സുദർശന്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്​ മുജീബിന്‍റെ പുതിയറിയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ്​ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പത്ത്​ ചാക്കുകളിലായി ഹൻസ്​ കണ്ടെത്തിയത്​. ബെംഗളൂരുവിൽ നിന്ന്​ ടൂറിസ്റ്റ്​ ബസുകളിൽ പാർസൽ എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന പുകയില ഉത്​പന്നം നഗരത്തിലെ ​ചെറുകിട കച്ചവടക്കാർക്കടക്കം വിൽപ്പന നടത്തുകയാണ്​ ഇയാളുടെ രീതിയെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ടുവർഷമായി പുകയില ഉത്​പന്നങ്ങൾ എത്തിച്ച്​ വിൽപ്പന നടത്തുന്നതായി ഇയാൾ പൊലീസിനോട്​ സമ്മതിച്ചിട്ടുണ്ട്​. മെഡിക്കൽ കോളേജ്​ എസ്​ ഐ വി വി ദീപ്തി, എ എസ് ഐ ഷിബിൽ ജോസഫ്​, സീനിയർ സിവൽ പൊലീസ്​ ഓഫിസർ മധു, സിവിൽ പൊലീസ്​ ഓഫിസർ ഇ വിനീഷ്​ കുമാർ, ഹോംഗാർഡ്​ ബിജു എന്നിവരടങ്ങന്ന സംഘമാണ്​ പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News