പുനഃസംഘടനയില്‍ എ, ഐ വീതംവയ്‌പ്‌; സുധാകരനെ വെല്ലുവിളിച്ച് 
യൂത്ത് കോണ്‍​ഗ്രസ്



പാലക്കാട് > കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിച്ച് ജില്ലയിൽ യൂത്ത് കോൺ​ഗ്രസ് പുനഃസംഘടിപ്പിച്ചു. പുനഃസംഘടനയിൽ ​ഗ്രൂപ്പ് വേർതിരിവ് വേണ്ടെന്ന സുധാകരന്റെ നിർദേശത്തെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ജില്ലയിൽതന്നെ അട്ടിമറിച്ചു.   ജില്ലാ കമ്മിറ്റിയിൽ നാല് വൈസ് പ്രസിഡന്റുമാരും 20 സെക്രട്ടറിമാരും 31 നിർവാഹകസമിതി അംഗങ്ങളുമുണ്ട്. ഭാരവാഹികളെ ​ഗ്രൂപ്പ് ഏജന്റുമാർ വീതംവച്ചെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറി, നിർവാഹകസമിതി എന്നിവയിലേക്ക് എ, ഐ ​ഗ്രൂപ്പുകൾ തുല്യമായി അം​ഗങ്ങളെ നിയമിച്ചു. കെ സുധാകരന്റെയും കെ സി വേണു​ഗോപാലിന്റെയും ​ഗ്രൂപ്പുകളിലുള്ള ഓരോരുത്തർ പട്ടികയിലുണ്ട്. സജീവ പ്രവർത്തകരെ ഒഴിവാക്കി ​ഗ്രൂപ്പ് നേതാക്കൾ സ്ഥാനം പങ്കിട്ടതിൽ പ്രതിഷേധത്തിലാണ് വലിയൊരു വിഭാ​ഗം.   പുതുക്കിയ പട്ടിക പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ കെപിസിസിക്കും എഐസിസിക്കും പരാതി പ്രവാഹമാണ്. ഇരുപതിലധികം പേർ പരാതി ഇ മെയിൽ അയച്ചെന്നാണ് വിവരം. നിർദേശം അവ​ഗണിച്ചതിനാൽ പട്ടികയോട് കെ സുധാകരനും എതിർപ്പുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പിന്തുണയോടെ ഷാഫിക്കെതിരെ പടയൊരുക്കത്തിനാണ് എതിർപക്ഷത്തിന്റെ നീക്കം. കോൺ​ഗ്രസ് പുനഃസംഘടനയിൽ ​ഗ്രൂപ്പ് നേതാക്കളുടെ താൽപ്പര്യം മാനിക്കാത്തതിനാൽ യൂത്ത് കോൺ​ഗ്രസ് പുനഃസംഘടനയിൽ ​സുധാകരന്റെയും വി ഡി സതീശന്റെയും താൽപ്പര്യങ്ങൾ മാനിക്കില്ലെന്ന്‌ ​ഗ്രൂപ്പ് വക്താക്കൾ പറയുന്നു.   ■ ഇവർക്ക് സംഘടന 
എഴുതിക്കൊടുത്തോ...?   പട്ടിക പുറത്തുവന്നതോടെ അമ്പരപ്പിലാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. പട്ടികയിൽ സഹോദരങ്ങളുടെ പ്രളയമാണ്. ആറ് സ​ഹോദരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ജില്ലാ സെക്രട്ടറിമാരായ നെന്മാറയിൽനിന്നുള്ള സി വിനീഷ്‌കുമാറും സി വിനീത് കരിമ്പാറയും സഹോദരങ്ങളാണ്‌. പാലക്കാട്ടുനിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അം​ഗങ്ങളായ മൺസൂറും സദ്ദാമും സ​ഹോദരങ്ങൾ. ജില്ലാ സെക്രട്ടറിയായി ചിറ്റൂരിൽനിന്നുള്ള കെ സാജനെ നിയമിച്ചപ്പോൾ സഹോദരൻ സമ്പത്തിനെ നിർവാഹക സമിതി അംഗമാക്കി. സജീവ പ്രവർത്തകരായ നിരവധിപേരെ തഴഞ്ഞുള്ള ഈ നീക്കത്തിൽ കടുത്ത അമർഷത്തിലാണ് പ്രവർത്തകർ. 39 ഉം 45 ഉം വയസ്സുള്ളവരും പട്ടികയിൽ ഇടംനേടി. ബൂത്ത് കമ്മിറ്റികളിൽപോലും പ്രവർത്തിക്കാത്തവരാണ് ഭാരവാഹികളായതെന്നും പട്ടിക പിൻവലിച്ചില്ലെങ്കിൽ പരസ്യ പ്രതികരണമുണ്ടാകുമെന്നും എതിർപക്ഷം മുന്നറിയിപ്പ് നൽകുന്നു. Read on deshabhimani.com

Related News