27 April Saturday

പുനഃസംഘടനയില്‍ എ, ഐ വീതംവയ്‌പ്‌; സുധാകരനെ വെല്ലുവിളിച്ച് 
യൂത്ത് കോണ്‍​ഗ്രസ്

സ്വന്തം ലേഖകൻUpdated: Wednesday Dec 8, 2021
പാലക്കാട് > കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിച്ച് ജില്ലയിൽ യൂത്ത് കോൺ​ഗ്രസ് പുനഃസംഘടിപ്പിച്ചു. പുനഃസംഘടനയിൽ ​ഗ്രൂപ്പ് വേർതിരിവ് വേണ്ടെന്ന സുധാകരന്റെ നിർദേശത്തെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ജില്ലയിൽതന്നെ അട്ടിമറിച്ചു.
 
ജില്ലാ കമ്മിറ്റിയിൽ നാല് വൈസ് പ്രസിഡന്റുമാരും 20 സെക്രട്ടറിമാരും 31 നിർവാഹകസമിതി അംഗങ്ങളുമുണ്ട്. ഭാരവാഹികളെ ​ഗ്രൂപ്പ് ഏജന്റുമാർ വീതംവച്ചെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറി, നിർവാഹകസമിതി എന്നിവയിലേക്ക് എ, ഐ ​ഗ്രൂപ്പുകൾ തുല്യമായി അം​ഗങ്ങളെ നിയമിച്ചു. കെ സുധാകരന്റെയും കെ സി വേണു​ഗോപാലിന്റെയും ​ഗ്രൂപ്പുകളിലുള്ള ഓരോരുത്തർ പട്ടികയിലുണ്ട്. സജീവ പ്രവർത്തകരെ ഒഴിവാക്കി ​ഗ്രൂപ്പ് നേതാക്കൾ സ്ഥാനം പങ്കിട്ടതിൽ പ്രതിഷേധത്തിലാണ് വലിയൊരു വിഭാ​ഗം.
 
പുതുക്കിയ പട്ടിക പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ കെപിസിസിക്കും എഐസിസിക്കും പരാതി പ്രവാഹമാണ്. ഇരുപതിലധികം പേർ പരാതി ഇ മെയിൽ അയച്ചെന്നാണ് വിവരം. നിർദേശം അവ​ഗണിച്ചതിനാൽ പട്ടികയോട് കെ സുധാകരനും എതിർപ്പുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പിന്തുണയോടെ ഷാഫിക്കെതിരെ പടയൊരുക്കത്തിനാണ് എതിർപക്ഷത്തിന്റെ നീക്കം. കോൺ​ഗ്രസ് പുനഃസംഘടനയിൽ ​ഗ്രൂപ്പ് നേതാക്കളുടെ താൽപ്പര്യം മാനിക്കാത്തതിനാൽ യൂത്ത് കോൺ​ഗ്രസ് പുനഃസംഘടനയിൽ ​സുധാകരന്റെയും വി ഡി സതീശന്റെയും താൽപ്പര്യങ്ങൾ മാനിക്കില്ലെന്ന്‌ ​ഗ്രൂപ്പ് വക്താക്കൾ പറയുന്നു.
 
■ ഇവർക്ക് സംഘടന 
എഴുതിക്കൊടുത്തോ...?
 
പട്ടിക പുറത്തുവന്നതോടെ അമ്പരപ്പിലാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. പട്ടികയിൽ സഹോദരങ്ങളുടെ പ്രളയമാണ്. ആറ് സ​ഹോദരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. ജില്ലാ സെക്രട്ടറിമാരായ നെന്മാറയിൽനിന്നുള്ള സി വിനീഷ്‌കുമാറും സി വിനീത് കരിമ്പാറയും സഹോദരങ്ങളാണ്‌. പാലക്കാട്ടുനിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അം​ഗങ്ങളായ മൺസൂറും സദ്ദാമും സ​ഹോദരങ്ങൾ. ജില്ലാ സെക്രട്ടറിയായി ചിറ്റൂരിൽനിന്നുള്ള കെ സാജനെ നിയമിച്ചപ്പോൾ സഹോദരൻ സമ്പത്തിനെ നിർവാഹക സമിതി അംഗമാക്കി. സജീവ പ്രവർത്തകരായ നിരവധിപേരെ തഴഞ്ഞുള്ള ഈ നീക്കത്തിൽ കടുത്ത അമർഷത്തിലാണ് പ്രവർത്തകർ. 39 ഉം 45 ഉം വയസ്സുള്ളവരും പട്ടികയിൽ ഇടംനേടി. ബൂത്ത് കമ്മിറ്റികളിൽപോലും പ്രവർത്തിക്കാത്തവരാണ് ഭാരവാഹികളായതെന്നും പട്ടിക പിൻവലിച്ചില്ലെങ്കിൽ പരസ്യ പ്രതികരണമുണ്ടാകുമെന്നും എതിർപക്ഷം മുന്നറിയിപ്പ് നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top