ബഫർസോൺ : ‘തുറന്ന കോടതിയിൽ 
വാദം കേൾക്കണം’ ; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ



ന്യൂഡൽഹി    സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. വിധി ജനജീവിതത്തെ ബാധിക്കുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ സംസ്ഥാന സർക്കാരിന്റെ ഈ നടപടി. കേന്ദ്ര സർക്കാരിനു പുറമെ വനഭൂമി കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളെയും കേരളം എതിർകക്ഷികളാക്കിയാണ്‌ ഹർജി നൽകിയത്‌. ഈ വിഷയത്തിൽ ഇതര സംസ്ഥാനങ്ങളുടെ നിലപാടുകൂടി സുപ്രീംകോടതി തേടണമെന്നതിനാലാണ് ഇത്‌. ഹർജിയിൽ തുറന്ന കോടതിയിൽ വാദംകേൾക്കണമെന്ന പ്രത്യേക അപേക്ഷയും കേരളം ഫയൽ ചെയ്‌തു. കേരളം സുപ്രീംകോടതിയിൽ എത്തിയാൽ പിന്തുണയ്‌ക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്ന്‌ കേന്ദ്ര വനംമന്ത്രി  നേരത്തേ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർതന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്ന്‌ വനംമന്ത്രി ഭൂപേന്ദ്രയാദവും പ്രസ്‌താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌, കേരളം സുപ്രീംകോടതിയെ സമീപിച്ചത്‌. മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പുമായി വിശദമായ ചർച്ചയ്‌ക്കുശേഷമാണ്‌ പുനഃപരിശോധനാ ഹർജി തയ്യാറാക്കിയത്‌. സ്റ്റാൻഡിങ്‌ കോൺസൽ നിഷേ രാജൻ ശങ്കറാണ്‌ ഹർജി ഫയൽ ചെയ്‌തത്‌. Read on deshabhimani.com

Related News