വൈറോളജിയിൽ കുതിച്ചുചാട്ടത്തിന്‌ കേരളം ; ലൈഫ്‌ സയൻസ്‌ പാർക്കിൽ ലബോറട്ടറി കെട്ടിട സമുച്ചയം പൂർത്തിയായി



തിരുവനന്തപുരം സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ്‌ പാർക്കായ തോന്നയ്‌ക്കലിലെ ‘ബയോ 360' ൽ  വൈറോളജി ലാബോറട്ടറി കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. മങ്കിപോക്‌സ്  ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്രയടിയിലെ കെട്ടിട സമുച്ചയം കെഎസ്‌ഐഡിസി  സജ്ജമാക്കിയത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി)  ഉടൻ കൈമാറും. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഐഎവി ആരംഭിച്ചിട്ടുണ്ട്. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്ന നൂതനസൗകര്യങ്ങളുണ്ടാകും.സമുച്ചയത്തിൽ ബയോ സേഫ്റ്റി -2 കാറ്റഗറിയിലുള്ള 16 ലാബ്‌ സജ്ജീകരിക്കാനുള്ള പ്രവർത്തനം ഐഎവി നടത്തിവരികയാണ്. ഇവയുൾപ്പെടെ 22  ലാബ്‌ 18 മാസംകൊണ്ട് പൂർണ സജ്ജമാകും. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്. Read on deshabhimani.com

Related News