‘പൊള്ളിച്ച്‌’ 2021; 12 പതിറ്റാണ്ടിനിടെ ഏറ്റവും ചൂട് കൂടിയ
 അഞ്ചാമത്തെ വർഷം



തിരുവനന്തപുരം > ഒന്നേകാൽ നൂറ്റാണ്ടിനിടെ ‘പൊള്ളിച്ച’ വർഷങ്ങളിൽ അഞ്ചാമനായി 2021. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ "2021 ലെ ഇന്ത്യയിലെ കാലാവസ്ഥ' റിപ്പോർട്ടിലാണ്‌ ഈ വിവരം. 120 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും ചൂട്‌ കൂടിയ അഞ്ചാമത്തെ വർഷമായിരുന്നു 2021 എന്ന്‌ റിപ്പോർട്ട്‌ പറയുന്നു. 1981-–-2010 കാലഘട്ടത്തെ അടിസ്ഥാന താപനിലയുമായി താരതമ്യപ്പെടുത്തിയാണ്‌ താപനില വർധന കണക്കാക്കുന്നത്‌. ഇക്കാലയളവിനെ അപേക്ഷിച്ച്‌ 2021-ൽ ശരാശരി വാർഷിക കര ഉപരിതല താപനിലയിൽ 0.44 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായി. 1901ന്‌ ശേഷം 2016ലാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ രേഖപ്പെടുത്തിയത്‌. 1981-–-2010 കാലഘട്ടത്തെ അടിസ്ഥാന നിരക്കിനേക്കാൾ -0.71 ഡിഗ്രി സെൽഷ്യസ്‌ വർധനയാണ്‌ 2016ൽ ഉണ്ടായത്‌. 2021ൽ രാജ്യം അഞ്ച്‌ ചുഴലിക്കാറ്റ്‌ നേരിട്ടു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ച ടൗട്ടെ ചുഴലിക്കാറ്റ്‌ 144 ജീവനാണ്‌ എടുത്തത്‌.  തീവ്ര കാലാവസ്ഥാ പ്രശ്നങ്ങളിൽ 2021ൽ രാജ്യത്താകെ 1750 മരണമുണ്ടായി. മഹാരാഷ്‌ട്രയിലാണ്‌ കൂടുതൽ–- 350 പേർ. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2021ൽ മൺസൂൺ കാലത്ത്‌ കൂടുതൽ മഴ ലഭിച്ചു. കേരളം, മാഹി, ആന്ധ്രപ്രദേശിന്റെ തീരദേശമേഖല, തമിഴ്‌നാട്‌, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലാണ്‌ കൂടിയ മഴ (579.1 മില്ലീമീറ്റർ) കിട്ടിയത്‌. കേരളത്തിൽ മിക്ക ജില്ലകളിലും 32–-34 ഡിഗ്രി സെൽഷ്യസാണ്‌ താപനില. പകൽസമയങ്ങളിൽ അതിശക്തമായ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. കാലാവസ്ഥ വ്യതിയാനം വ്യക്തമാക്കുന്നതാണ്‌ രാജ്യത്തെ കാലാവസ്ഥ റിപ്പോർട്ട്‌. Read on deshabhimani.com

Related News