26 April Friday

‘പൊള്ളിച്ച്‌’ 2021; 12 പതിറ്റാണ്ടിനിടെ ഏറ്റവും ചൂട് കൂടിയ
 അഞ്ചാമത്തെ വർഷം

സ്വന്തം ലേഖികUpdated: Sunday Jan 16, 2022

തിരുവനന്തപുരം > ഒന്നേകാൽ നൂറ്റാണ്ടിനിടെ ‘പൊള്ളിച്ച’ വർഷങ്ങളിൽ അഞ്ചാമനായി 2021. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ "2021 ലെ ഇന്ത്യയിലെ കാലാവസ്ഥ' റിപ്പോർട്ടിലാണ്‌ ഈ വിവരം. 120 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും ചൂട്‌ കൂടിയ അഞ്ചാമത്തെ വർഷമായിരുന്നു 2021 എന്ന്‌ റിപ്പോർട്ട്‌ പറയുന്നു.

1981-–-2010 കാലഘട്ടത്തെ അടിസ്ഥാന താപനിലയുമായി താരതമ്യപ്പെടുത്തിയാണ്‌ താപനില വർധന കണക്കാക്കുന്നത്‌. ഇക്കാലയളവിനെ അപേക്ഷിച്ച്‌ 2021-ൽ ശരാശരി വാർഷിക കര ഉപരിതല താപനിലയിൽ 0.44 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായി. 1901ന്‌ ശേഷം 2016ലാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ രേഖപ്പെടുത്തിയത്‌. 1981-–-2010 കാലഘട്ടത്തെ അടിസ്ഥാന നിരക്കിനേക്കാൾ -0.71 ഡിഗ്രി സെൽഷ്യസ്‌ വർധനയാണ്‌ 2016ൽ ഉണ്ടായത്‌.

2021ൽ രാജ്യം അഞ്ച്‌ ചുഴലിക്കാറ്റ്‌ നേരിട്ടു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ച ടൗട്ടെ ചുഴലിക്കാറ്റ്‌ 144 ജീവനാണ്‌ എടുത്തത്‌.  തീവ്ര കാലാവസ്ഥാ പ്രശ്നങ്ങളിൽ 2021ൽ രാജ്യത്താകെ 1750 മരണമുണ്ടായി. മഹാരാഷ്‌ട്രയിലാണ്‌ കൂടുതൽ–- 350 പേർ.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2021ൽ മൺസൂൺ കാലത്ത്‌ കൂടുതൽ മഴ ലഭിച്ചു. കേരളം, മാഹി, ആന്ധ്രപ്രദേശിന്റെ തീരദേശമേഖല, തമിഴ്‌നാട്‌, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലാണ്‌ കൂടിയ മഴ (579.1 മില്ലീമീറ്റർ) കിട്ടിയത്‌. കേരളത്തിൽ മിക്ക ജില്ലകളിലും 32–-34 ഡിഗ്രി സെൽഷ്യസാണ്‌ താപനില. പകൽസമയങ്ങളിൽ അതിശക്തമായ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. കാലാവസ്ഥ വ്യതിയാനം വ്യക്തമാക്കുന്നതാണ്‌ രാജ്യത്തെ കാലാവസ്ഥ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top