കോവിഡ്-19 രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണം തുടങ്ങിയതായി ഗ്ലെന്‍മാര്‍ക്ക്



കൊച്ചി> രാജ്യത്ത് ആദ്യമായി കൊവിഡ്-19 രോഗികളില്‍ പ്രതിരോധ മരുന്നിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചെന്ന്  ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഫാവിപിരാവിര്‍  എന്ന മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്  ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് -19 രോഗികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും  ജൂലൈ, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്-19 രോഗികളില്‍ മരുന്ന് പരീക്ഷണം നടക്കുന്നതെന്നും ഏപ്രില്‍ അവസാനത്തോടെയാണ്  ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ( ഡിസിജിഐ)  പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് കമ്പനി പറയുന്നു. ഫ്യൂജിഫിലിം ജപ്പാനിലെ ടോയാമ കെമിക്കല്‍ കമ്പനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍. ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം ഗവേഷണ വികസന വിഭാഗമാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെങ്കില്‍ രാജ്യത്തുടനീളം മരുന്ന് ലഭ്യമാക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഇന്ത്യ ഫോര്‍മുലേഷന്‍സ് പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു. Read on deshabhimani.com

Related News