തുറന്നു, സ്വാതന്ത്ര്യത്തിന്റെ ചുവന്ന പാതകൾ



തൃശൂർ ഇന്ത്യൻ  സ്വാതന്ത്ര്യ  സമരത്തിലെ  ഇതിഹാസ സമാനമായ പോരാട്ടങ്ങൾ അടയാളപ്പെടുത്തുന്ന ദേശാഭിമാനി പ്രസിദ്ധീകരണം "സ്വാതന്ത്ര്യത്തിന്റെ ചുവന്ന പാതകൾ' പ്രകാശനം ചെയ്‌തു.   80–-ാം വാർഷികാഘോഷ  ചടങ്ങിൽ   സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, മന്ത്രി കെ രാധാകൃഷ്‌ണന്‌ നൽകിയാണ്‌ പുസ്‌തകം  പ്രകാശനം ചെയ്‌തത്‌.  സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെയും ധീരതകളുടെയും ചിത്രം ഈ പുസ്‌തകത്തിൽ കാണാം.  കർഷകർ, കർഷക ത്തൊഴിലാളികൾ, തൊഴിലാളികൾ, വിദ്യാർഥികൾ, സ്‌ത്രീകൾ, ആദിവാസികൾ തുടങ്ങി ഒരേ ലക്ഷ്യത്തിനായി അണിനിരന്ന പോരാട്ടധാര തുറന്നുകാട്ടുന്നു. പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്നിൽനിന്ന്‌  കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നിർണായക പങ്കും  ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌. സ്വാതന്ത്ര്യത്തിന്റെ  75–-ാം  വാർഷികത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെ സംബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പ്രധാന ചരിത്രസംഭവങ്ങളും പുസ്തകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്‌. ആറ്‌ അധ്യായങ്ങളായാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. "കേരളം' എന്ന അധ്യായത്തിൽ കേരളസ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമാണ്‌ പറയുന്നത്‌. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ, എം എ ബേബി, ബൃന്ദ കാരാട്ട്‌, പ്രഭാത്‌ പട്‌നായിക്‌, ‌സച്ചിദാനന്ദൻ തുടങ്ങിയവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് "വെല്ലുവിളികളും ഭീഷണികളും' എന്ന അവസാന അധ്യായം.   Read on deshabhimani.com

Related News