അവധിക്കാലം സർഗാത്‌മകമാക്കാൻ സമഗ്രശിക്ഷാ കേരളയുടെ ‘ക്യാൻവാസ്‌’



തിരുവനന്തപുരം അവധിക്കാലത്ത്‌ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾക്ക്‌ അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ). പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക്‌ വീട്ടിലിരുന്ന്‌ സർഗസൃഷ്ടികൾക്കുള്ള അവസരമാണ്‌  ‘ക്യാൻവാസ് 2020' എന്ന്‌ പേരിട്ട പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്‌. കോവിഡ്‌–- 19 അതിജീവനത്തിന്റെ നാളുകളിൽ  വീട്ടിലിരുന്ന്‌ വരയിലൂടെയും എഴുത്തിലൂടെയും കുട്ടികൾ രൂപപ്പെടുത്തുന്ന സൃഷ്ടികൾ കോവിഡ്‌ നിയന്ത്രണകാലം അവസാനിച്ചശേഷം ബിആർസി തലത്തിൽ ശേഖരിച്ച്‌ മികച്ചവയ്ക്ക് സമ്മാനം നൽകും. കുട്ടികളുടെ സർഗസൃഷ്ടികൾ ഫോട്ടോ എടുത്ത് ഏപ്രിൽ 15-നകം പഞ്ചായത്ത് ചുമതലയുള്ള സിആർസി കോ- ഓർഡിനേറ്റർ/ട്രെയിനർ എന്നിവർക്ക്‌ നൽകണം. സൃഷ്ടികൾ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ ചുവടെ : പെയിന്റിങ്‌/പോസ്റ്റർ രചന: ചാർട്ട് പേപ്പർ/ഡ്രോയിങ്‌ ഷീറ്റ് ഇവ ലഭ്യമെങ്കിൽ ഉപയോഗിക്കണം. എ 3 പേപ്പറിന്റെ വലിപ്പമുണ്ടാകണം. ഒരു പെയിന്റിങ്ങും ഒരു പോസ്റ്ററും തയ്യാറാക്കണം. പെയിന്റിങ്ങിന്‌ വാട്ടർ/ഓയിൽ/അക്രിലിക് കളർ/ക്രയോൺ ഏതും ഉപയോഗിക്കാം. പോസ്റ്ററിൽ ആശയസംവാദം സാധ്യമാകുന്ന മികച്ച വാക്യങ്ങൾ ഉണ്ടാകണം. ഡയറിക്കുറിപ്പുകൾ: കോവിഡ് പ്രതിരോധകാലത്തെ ഏതെങ്കിലും അഞ്ചു ദിവസങ്ങളിലെ ഡയറിക്കുറിപ്പുകളാണ് പരിഗണിക്കുക. വായനക്കുറിപ്പ്/സിനിമാസ്വാദനക്കുറിപ്പ്: കൊറോണ നിയന്ത്രണകാലത്ത് വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനാനുഭവം സർഗാത്മകമായി ആവിഷ്കരിക്കണം. അല്ലെങ്കിൽ ഈ കാലയളവിൽ ദൃശ്യമാധ്യമങ്ങൾവഴി കണ്ട ഒരു സിനിമയെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കണം. നാലുമുതൽ 10 വരെ പേജുകളാകാം. കഥ/കവിത/ലേഖനം: കോവിഡ്‌ പ്രതിരോധകാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ ആയിരിക്കണം പ്രമേയം. വാർത്താപത്രിക/കൊളാഷ് തയ്യാറാക്കൽ: കൊറോണക്കാലത്തെ പത്ര ദൃശ്യമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനപ്പെടുത്തി ലോക കാഴ്ചകൾ തയ്യാറാക്കണം Read on deshabhimani.com

Related News