26 April Friday

വെളുത്ത കൂവക്കിഴങ്ങ് ശാസ്ത്രീയ സംസ്കരണം

മലപ്പട്ടം പ്രഭാകരന്‍Updated: Thursday Dec 21, 2017

വെളുത്ത കൂവക്കിഴങ്ങില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന കൂവപ്പൊടിക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. ആയുര്‍വേദ മരുന്നുനിര്‍മാണ കമ്പനികള്‍, ആരോഗ്യ പരിപാലന ഔഷധമായി ഉപയോഗിക്കുന്നവര്‍, കുട്ടികള്‍, പോഷണംകുറഞ്ഞ ഗര്‍ഭിണികള്‍, പ്രായാധിക്യംബാധിച്ചവര്‍ തുടങ്ങി എല്ലാവര്‍ക്കും ഔഷധമായും, അപ്പം, പായസം, ഹല്‍വ തുടങ്ങിയ സ്വാദിഷ്ടമായ ഭക്ഷ്യവസ്തുവായുമെല്ലാം കൂവക്കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്. സാധാരണപോലെ വേവിച്ച് കറികളായും ഉപയോഗിക്കാം. ഇതിലെ അന്നജം എളുപ്പം ദഹിക്കുന്നതുകൊണ്ടും നാരുകള്‍ ധാരാളം ഉള്ളതിനാലും പ്രമേഹരോഗികള്‍പോലും ഇത് ഉപയോഗിക്കാറുണ്ട്.

കേരളത്തില്‍ നന്നായി കൃഷിചെയ്യാവുന്ന സാഹചര്യം ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. തെങ്ങിന്‍തോട്ടത്തിലും, റബര്‍കൃഷിയിറക്കിയ ആദ്യത്തെ 3-4 വര്‍ഷവും, മറ്റ് സൌകര്യപ്രദമായ ഇടങ്ങളിലുമെല്ലാം കൃഷിചെയ്യാം. ഇത് സംസ്കരിക്കുന്നതില്‍ പലരും അജ്ഞരാണ്. ശാസ്ത്രീയ സംസ്കരണരീതി ഇനി പറയുന്നു.

സംസ്കരണം: വ്യാവസായികാടിസ്ഥാനത്തില്‍ ചെയ്യുന്നവര്‍ക്ക് ലഘു യന്ത്രങ്ങള്‍ നിലവിലുണ്ട്. വീട്ടാവശ്യത്തിനുള്ളവര്‍ക്ക് കൈകൊണ്ട് ചെയ്യാവുന്ന മാര്‍ഗം സ്വീകരിക്കാം.
കിഴങ്ങ് പറിച്ചെടുത്തശേഷം മൂര്‍ച്ചയുള്ള കത്തികൊണ്ട് വേരുകള്‍ മുറിച്ചുമാറ്റി കിഴങ്ങുകള്‍ വേര്‍പെടുത്തിയെടുക്കുക. കിഴങ്ങ് വൃത്തിയായി കഴുകുക. തൊലികളഞ്ഞശേഷം നന്നായി അരയ്ക്കുക. വൃത്തിയുള്ള ഉരലിലോ, ആട്ടമ്മിയിലോ മറ്റ് യുക്തമായ വിധം അരച്ചശേഷം അരച്ച ചാറും, പിണ്ടിയും ശുദ്ധമായ വെള്ളത്തിലിട്ട് തിരുമ്മി പാല്‍പരുവത്തിലുള്ള കൂവവെള്ളം ശേഖരിക്കുക. പിണ്ടി പിഴിഞ്ഞുമാറ്റുക. ഇങ്ങനെ ശേഖരിച്ച വെള്ളം വൃത്തിയുള്ള പാത്രത്തില്‍ 5-8 മണിക്കൂര്‍ അനക്കാതെ വയ്ക്കുക. തെളി സാവധാനം ഊറ്റിയശേഷം അടിയിലുള്ള നൂറ് തുണിയില്‍ അരിച്ച് ശേഖരിക്കുക. ഇത് വൃത്തിയുള്ളതും നല്ല വെയില്‍ കിട്ടുന്നതുമായ ഇടത്ത് വിരിച്ച് ഉണക്കുക. 7-8 ദിവസം വെയില്‍ കൊള്ളിക്കണം. വെളുത്ത കൂവപ്പൊടി ലഭിക്കും. 10 കിലോ കൂവക്കിഴങ്ങില്‍ നിന്ന് ഒരു കി.ഗ്രാം പൊടി ലഭിക്കും.

യന്ത്രസംവിധാനം
ലഘുരീതി: കുറച്ചുമാത്രം ഉള്ളവര്‍ വെളിച്ചെണ്ണ മില്ലില്‍നിന്ന് എണ്ണയം പരമാവധി ഒഴിവാക്കി ചക്കില്‍ ആട്ടിയെടുക്കുന്ന രീതി പലരും അനുവര്‍ത്തിക്കുന്നുണ്ട്. അതേ യന്ത്രം പ്രത്യേകം സ്ഥാപിച്ച് ചെയ്യുന്നവരുണ്ട്. 50 കി.ഗ്രാം കിഴങ്ങ് ഒരേസമയം ഇട്ട് അരച്ചെടുത്ത് ഉണക്കുന്ന യന്ത്രങ്ങളും ചിലര്‍ രൂപകല്‍പ്പനചെയ്ത് ഉപയോഗിക്കുന്നു. (ഉദാ: പാലാ അന്തിനാട് പുതിയേടത്ത്, ജെ സന്തോഷ്). ആരോഗ്യത്തിനും ആദായത്തിനും കൂവക്കൃഷി ഒരു പ്രധാന ഇനമായി സ്വീകരിക്കാവുന്നതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top