27 April Saturday

മണ്ണിനെ സസ്യജീവിതത്തിന് പര്യാപ്തമാക്കാം

എം കെ പി മാവിലായിUpdated: Thursday Aug 29, 2019


പേമാരി കാരണം പല കൃഷിയിടങ്ങളിലും ചെളി അടിഞ്ഞുകൂടി. മണ്ണിൽ ഉൾക്കൊള്ളുന്നതിലധികം വെള്ളം ചെന്നതോടെ മണ്ണിന്റെ കാപ്പില്ലറികളിൽ നിറഞ്ഞുനിന്ന വായു പുറത്താക്കപ്പെട്ടു. വായു അറകളെല്ലാം അടഞ്ഞു. ഇത് ചെടികളുടെ വേരോട്ടത്തെയും ജലാഗിരണശേഷിയേയും ദോഷകരമായി ബാധിച്ചു. മണ്ണിൽ വായു പ്രവേശം തടഞ്ഞതോടെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മന്ദീഭവിച്ചു. സസ്യവളർച്ചക്കുള്ള അവശ്യഘടകമാണ് ഹ്യൂമസ് (Humus). ഇത് നിർമ്മിക്കുന്നത് അതിസൂക്ഷ്മങ്ങളായ ബാക്ടീരിയ മുതൽ മണ്ണിര വരെ അടങ്ങുന്ന മണ്ണിലെ നിരവധി ജീവജാലങ്ങളാണ്. ചപ്പുചവറുകൾ, കൃഷി കീടങ്ങൾ, വിസർജ്ജ്യങ്ങൾ തുടങ്ങി എല്ലാത്തരം ജൈവപദാർത്ഥങ്ങളും ദഹിപ്പിച്ച് ഹ്യൂമസ് ഉണ്ടാക്കുന്ന ഈ ജീവജാലങ്ങളാണ് മണ്ണിന്റെ ജീവൻ. ഇവയുടെ നാശം മണ്ണിനെ മൃതപ്രായമാക്കുന്നു. കുത്തിയൊലിച്ചു പോകുന്ന വെള്ളത്തോടൊപ്പം മണ്ണിന്റെ ക്ഷാരാംശം പെട്ടെന്നു നഷ്ടപ്പെട്ട് പോകുന്നതിനാൽ മണ്ണിന്റെ അമ്ലാംശവും വർധിച്ചു. ഇത് സസ്യ വളർച്ചക്ക് പ്രതികൂലമായി. മണ്ണിനുണ്ടായ ഇത്തരം ഘടനാ വൈകല്യങ്ങളെ മാറ്റിയെടുക്കാൻ കേരള കാർഷിക സർവ്വകാല ശാലയും കൃഷിവകുപ്പും  വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണകേന്ദ്രവും ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ നൽകി വരുന്നു.

മണ്ണിൽ വായു പ്രവേശം സുഗമമാക്കണം
ചെളി വന്നടിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ മഴയുടെ ശക്തി കുറയുന്നതോടെ ചെടികളുടെ വേരുകൾക്ക് ക്ഷതം ഏൽപ്പിക്കാത്ത വിധം മണ്ണ് ഇളക്കി കൊടുക്കണം. ചകിരിച്ചോറ് ലഭ്യമാകുന്ന ഇടങ്ങളിൽ അത് കമ്പോസ്റ്റാക്കി മണ്ണിൽ വിതറി കൊടുക്കുന്നത് നല്ല ഫലം ചെയ്യും .

പോഷക പോരായ്മ പരിഹരിക്കണം
നഷ്ടപ്പെട്ട സസ്യമൂലകങ്ങൾ തിരികെ കൊടുക്കാൻ ലഭ്യമായ ജൈവവളങ്ങൾ പരമാവധി ചെടികൾക്ക് നൽകണം. ഇവ പ്രയോഗിക്കുന്നതിനോടൊപ്പം ചെടികൾക്ക് അവശ്യം ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങൾ എളുപ്പം ലഭ്യമാക്കാൻ ഇവ കൂടുതൽ അടങ്ങിയ വളങ്ങൾ പ്രയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിൽ നൈട്രജൻ ചെടികളുടെ ഹരിതകം , വിവിധ പ്രോട്ടീനുകൾ, പ്രോട്ടോപ്ലാസം എന്നിവയുടെ നിർമ്മിതിക്ക് അത്യാവശ്യ മാണ്. ഫോസ്ഫറസ് ആകട്ടെ പ്രഭാസങ്കലനത്തിൽ ഇലപച്ചകൾ സ്വാംശീ കരിക്കുന്ന ജൈവോർജ്ജമാക്കി മാറ്റുന്നു. ചെടികളുടെ വേര് ശക്തിപ്പെടാനും ഫോസ്ഫറസ് കൂടിയേ തീരു. ചില എൻസൈമുകളുടെ പ്രവർത്തനത്തിനും വിവിധ ജൈവരാസ പ്രവർത്തനങ്ങളിലെ ഊർജ്ജബന്ധങ്ങൾ നിയന്ത്രിക്കാനും സസ്യങ്ങൾക്ക് കീടരോഗ പ്രതിരോധ ശേഷി കൂട്ടാനും പൊട്ടാഷ് കൂടിയെ തീരു . ഈ മൂന്നു മൂലകങ്ങളും പെട്ടന്ന് ചെടികൾക്ക് ലഭ്യമാക്കാൻ 19:19:19 എന്ന ഗ്രേഡിലുള്ള വളം ഒരു ലിറ്റർ വെള്ളത്തിൽ അഞ്ച് ഗ്രാം എന്നനിലയിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ഇലകളിൽ തളിച്ചു കൊടുക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. ഒപ്പം പിണ്ണാക്ക് തുടങ്ങിയ സാന്ദ്രികത ജൈവവളങ്ങളും പുളിപ്പിച്ചും അല്ലാതെയും പ്രയോഗിക്കാം.

ജീവാണു വള പ്രയോഗം
പ്രത്യേകതരം സൂക്ഷ്മാണു ജീവികളെ മണ്ണിൽ നിന്നു തന്നെ വേർതിരിച്ചെടുത്ത് പരീക്ഷണ ശാലയിൽ പ്രത്യേകമാധ്യമത്തിൽ വളർത്തി എടുക്കുന്നവയാണ് ജീവാണുവളങ്ങൾ അഥവാ ബയോഫെർട്ടിലൈസർ. മണ്ണിലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാക്ടീരിയകളുടെ ത്വരിതവർധനക്ക് ഇത്തരം വളങ്ങൾ മണ്ണിൽ ചേർക്കുന്നത് നല്ല ഫലം ചെയ്യും. സസ്യങ്ങളുടെ കീടരോഗ പ്രതിരോധശേഷിയും ഇത് വർധിപ്പിക്കും. പലതരത്തിലുള്ള ജീവാണുവളങ്ങൾ വിവിധ വ്യാപാര നാമങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ജീവാണു വളങ്ങൾ ഉപയോഗിക്കുമ്പോൾ  ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ കൾച്ചർ പാക്കറ്റിന്റെ പുറത്ത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. നൂറ് ലീറ്റർ പച്ചചാണകത്തിന്റെ തെളി എടുത്ത് അതിൽ ഒരു കിലോഗ്രാം ട്രൈക്കോട്രൈമ എന്നരീതിയിൽ ജീവാണുവളം ചേർത്ത് ചെടികളുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം പ്രളയത്തെ തുടർന്നുണ്ടായ സസ്യങ്ങളുടെ വാട്ടരോഗങ്ങൾക്കെല്ലാം ഒരു പരിധി വരെ പ്രതിവിധിയാവും.

മണ്ണിലെ പുളിരസം കുറയ്ക്കണം 
അതിശക്തമായ മഴയുടെ കുത്തിയൊലിപ്പിൽ മണ്ണിലെ ക്ഷാരാംശം ഗണ്യമായ തോതിൽ നഷ്ടപ്പെട്ടിരിക്കും. സ്വാഭാവികമായും ഇത് മണ്ണിന്റെ പുളിരസം അഥവാ അമ്ലത വർധിപ്പിക്കും. ഇത് സസ്യ വളർച്ചയെ പ്രതികൂലമായി ബാധിക്കും.  പോഷക മൂലകങ്ങൾ വേർതിരിഞ്ഞ് കിട്ടാതെ ചെടി പട്ടിണിയിൽ ആകും. മണ്ണിൽ ഹൈഡ്രജൻ അയോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനുകാരണം. കുമ്മായമോ കുമ്മായ വസ്തുക്കളോ ചേർത്ത് മണ്ണി ന്റെ അമ്ലത കുറക്കാനാകും. പലതരം കുമ്മായ വസ്തുക്കളുണ്ട്. കുമ്മായം, നീറ്റ്കക്ക, ഡോളോമൈറ്റ് തുടങ്ങിയവ. മണ്ണ് പരിശോധിപ്പിച്ച് ഒാരോ കൃഷിയടത്തിനും ചേർക്കേണ്ട കുമ്മായ വസ്തുക്കളുടെ കൃത്യമായ അളവ് കണ്ടുപിടിക്കാം. പൊതുവെ ഒരു സെന്റ് സ്ഥലത്തേക്ക് രണ്ട്‐രണ്ടര കിലോ ഗ്രാം എന്ന കണക്കിൽ കുമ്മായം ചേർക്കുന്നത് മണ്ണിനെ സസ്യജീവിതത്തിന് അനുയോജ്യ മായ മാധ്യമാക്കിമാറ്റുന്നതിൽ സുപ്രധാന പങ്കുവഹിക്കും
   
(ലേഖകൻ വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിൽ സിനീയർ അഗ്രി: കൺസൾട്ടന്റാണ്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top