27 April Saturday

മണ്ണും റീചാര്‍ജ്ചെയ്യൂ

വീണാറാണി ആര്‍Updated: Thursday Jul 14, 2016

വര്‍ഷം 3000 ലിറ്റര്‍ മഴ ലഭിച്ചിട്ടും നമ്മുടെ നാട്ടില്‍ വേനല്‍ തുടങ്ങുമ്പോഴേ വെള്ളംകുടി മുട്ടുന്നു.മനുഷ്യന്റെ അതിരില്ലാത്ത ചൂഷണത്തിന്റെ ഫലമായി ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ 2025 ഓടെ ഭൂമിയിലെ ജലസമ്പത്ത് മൂന്നിലൊന്നായി കുറയുമെന്നാണ് വിദഗ്ധപഠനങ്ങള്‍ നല്‍കുന്ന സൂചന.

ഭൂമിയുടെ ജീവരക്തമാണ് ജലം.‘ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതും ജലസാന്നിധ്യംതന്നെ. പറമ്പില്‍ വീഴുന്ന ഓരോ തുള്ളി മഴവെള്ളവും മണ്ണിനും ജീവജാലങ്ങള്‍ക്കുമുള്ള അമൃതാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടയിടത്തുനിന്നാണ് നമ്മുടെ വിപത്ത് തുടങ്ങുന്നത്. മണ്ണിനു മുകളിലെത്തുന്ന മഴവെള്ളത്തിന് ഉപരിതലപ്രവാഹമായി ഓടിപ്പോകുന്നതിനുള്ള തിരക്ക് കൂടുതലാണ്. കേരളത്തിലെ പ്രത്യേക ‘ഭൂപ്രകൃതിയില്‍ ഒരുവര്‍ഷം നാം ഒഴുക്കി ക്കളയുന്നത് 75,000 ദശലക്ഷം ലിറ്റര്‍ മഴവെള്ളം. ഓടിപ്പോകുന്ന മഴവെള്ളത്തെ നടത്തുകയും നടക്കുന്ന വെള്ളത്തെ ഇരുത്തുകയും ഇരിക്കുന്ന വെള്ളത്തെ ഉറക്കുകയും ചെയ്താല്‍ മാത്രമേ നമ്മള്‍ ജലസ്വയംപര്യാപ്തരാകൂ.

അധികം ചെരിവില്ലാത്ത പ്രദേശങ്ങളില്‍ മഴക്കുഴികള്‍ എടുക്കുന്നത് മഴവെള്ളത്തെ ഉറക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ്. കുഴിയില്‍ ചകിരി അടുക്കിയാല്‍ ഗുണം കൂടും. തെങ്ങിന്‍തോട്ടങ്ങളില്‍ തണ്ണീര്‍ബാങ്കായ തൊണ്ടടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ രണ്ടടക്കുവീതം ചകിരി മലര്‍ത്തി അടുക്കി ലോലമായ കനത്തില്‍ മേല്‍മണ്ണിടണം. ഇങ്ങനെ കുഴി നിറയുന്നതുവരെ തുടരാം. ചകിരിക്ക് അതിന്റെ ഭാരത്തിന്റെ എട്ടു മടങ്ങുവരെ വെള്ളത്തെ പിടിച്ചുനിര്‍ത്താനാകുമെന്നതിനാല്‍ മഴവെള്ളത്തെ പറമ്പില്‍തന്നെ പിടിച്ചുനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമായി തൊണ്ടടുക്കല്‍ തെരഞ്ഞെടുക്കാം. തൊണ്ടുകള്‍ പൂഴ്ത്തുന്നതിന്റെ ഗുണഫലങ്ങള്‍  ഏഴുവര്‍ഷംവരെ നീണ്ടുനില്‍ക്കും.
മണ്ണിന്റെ ജൈവാംശം കൂട്ടുന്നത് ജലസംഭരണത്തിന് അത്യാവശ്യമാണ്. വര്‍ഷത്തില്‍ രണ്ടുതവണ, കാലവര്‍ഷം തുടങ്ങുന്ന  മെയ്–ജൂണിലും കാലവര്‍ഷത്തിനു ശേഷം സെപ്തംബര്‍–ഒക്ടോബറിലും തെങ്ങിന്‍തോട്ടത്തില്‍ ഇടയിളക്കുന്നത് ഈര്‍പ്പം സംരക്ഷിക്കും.

തോട്ടത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് പുതയിടല്‍. ചകിരിച്ചോറ്, തൊണ്ട്, ഉണങ്ങിയ ഇലകള്‍, ചപ്പുചവറുകള്‍ എന്നിവയെല്ലാം പുതയിടാന്‍ ഉപയോഗിക്കാം. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുള്ളപ്പോള്‍ പുതയിടണം.

 ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കിണറുകളുള്ള നാടാണ് കേരളം. 50 ലക്ഷത്തിലധികം വരുന്ന നമ്മുടെ കിണറുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. കിണറിന്റെ ഉറവിലേക്ക് മഴവെള്ളം ഇറക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് റീച്ചാര്‍ജ് പിറ്റ് അഥവാ ചെറുകുഴികള്‍. ഒപ്പം ആഴത്തില്‍ വേരുപടലമുള്ള സസ്യങ്ങള്‍ കിണറിനുചുറ്റും വച്ചുപിടിപ്പിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top