26 April Friday

നൂറുമേനി വിളവിന് നെല്ലില്‍ സമ്പൂര്‍ണ വളപ്രയോഗം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2016

ദീര്‍ഘകാലങ്ങളായി  നടത്തിക്കൊണ്ടിരിക്കുന്ന വിവേചനരഹിതമായ രാസവളപ്രയോഗം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം ജില്ലയിലെ 85 ശതമാനം മണ്ണുസാമ്പിളിലും (പരിശോധിച്ച) അമ്ളത കൂടുതലാണെന്ന് കണ്ടെത്തി. ലഭ്യമായ ഫോസ്ഫറസിന്റെ അളവ് 63 ശതമാനം സാമ്പിളിലും കൂടുതലാണ്. 40 ശതമാനം സാമ്പിളില്‍ പൊട്ടാസ്യം ലഭ്യത കുറവാണെന്നു കണ്ടെത്തി. സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, കോപ്പര്‍, സിങ്ക് തുടങ്ങിയ മൂലകങ്ങളും യഥാക്രമം 46%,  43%, 26%  സാമ്പിളുകളിലും കുറവാണ്. കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ തുടങ്ങിയ ദ്വതീയ മൂലകങ്ങളും കുറവാണെന്നു കണ്ടെത്തി (75%, 98%, 51% ക്രമത്തില്‍).

വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്ന നെല്‍കൃഷിമേഖല ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് അശാസ്ത്രീയമായ വളപ്രയോഗം, പ്രത്യേകിച്ച് ജൈവാംശം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ പല മൂലകങ്ങളുടെയും (ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളുടെ) അപര്യാപ്തതയുള്ള മണ്ണിന്റെ പോഷകാവസ്ഥ അറിയാതെയുള്ള വളപ്രയോഗം. പലപ്പോഴും കര്‍ഷകന് സാമ്പത്തികനഷ്ടവും വിളവുനഷ്ടവും ഉണ്ടാക്കുന്നതിനു പുറമെ മണ്ണിനെ മലിനീകൃതമാക്കുകയും ചെയ്യുന്നു.

കേരളത്തിലെ മണ്ണുകളില്‍ കാണപ്പെടുന്ന ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ കമ്മി നികത്തി കൂടുതല്‍ വിളവിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ “സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”എന്ന പോഷകമിശ്രിതം കൊല്ലം ജില്ലയിലെ മണ്ണിലും വളരെ ഫലപ്രദമാണെന്ന് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടു. സിങ്ക് (7%), ബോറോണ്‍ (4.5%), കോപ്പര്‍ (0.5%), ഇരുമ്പ് (0.2%),  മാംഗനീസ് (0.2%), മോളിബ്ഡിനം (0.02%), മഗ്നീഷ്യം (2%) സള്‍ഫര്‍ (6.5%), പൊട്ടാസ്യം (15%), നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്” പോഷകമിശ്രിതം കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തില്‍ 250 സെന്റ് നെല്‍പ്പാടത്ത് നെല്ലില്‍ പരീക്ഷിക്കുകയുണ്ടായി. കാത്സ്യം അടങ്ങിയിട്ടില്ലാത്ത ഈ പോഷകമിശ്രിതം  ശുപാര്‍ശചെയ്തിരിക്കുന്ന വളപ്രയോഗത്തോടൊപ്പം  (കുമ്മായം (600 കി.ഗ്രാം) + ജൈവവളം (അഞ്ചു ടണ്‍/ ഹെ.) + ശുപാര്‍ശ ചെയ്തിരിക്കുന്ന രാസവളം) പത്രപോഷണത്തിലൂടെ നല്‍കിയപ്പോള്‍ വന്‍ വിളവാണ് ലഭിച്ചത്. ഈ മിശ്രിതം മൂന്നുതവണയാണ് തളിച്ചത്.

ഉപയോഗരീതി:
1. അഞ്ച് ഗ്രാം സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഞാറ് പറിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ചെടികളില്‍ തളിച്ചുകൊടുക്കുക.

2. 10 ഗ്രാം “സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി നട്ട് 30, 50 ദിവസം പ്രായമാവുമ്പോള്‍ ചെടികളില്‍ തളിച്ചുകൊടുക്കുക.
പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ നെല്‍ച്ചെടികളുടെ വളര്‍ച്ചയും കരുത്തും വിളവും ഗണ്യമായി വര്‍ധിച്ചു. വിളവില്‍ (5.5 ടണ്‍/ഹെ) 36.87 % വര്‍ധന രേഖപ്പെടുത്തി. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതിനാലും ഇലകളിലൂടെ ചെടികള്‍ക്ക് ലഭ്യമാക്കുന്നതിനാലും നെല്ലിന്റെ സംയോജിത വളപ്രയോഗത്തില്‍ ഈ പോഷകമിശ്രിതംകൂടി ഉള്‍പ്പെടുത്തിയാല്‍  നെല്‍കൃഷിയില്‍നിന്ന് പ്രകൃതി സൌഹാര്‍ദരീതിയില്‍ത്തന്നെ നൂറുമേനി കൊയ്യാം എന്നു തെളിയിക്കുകയാണ് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ  ഈ മുന്‍നിര പ്രദര്‍ശനം.  
 

തയ്യാറാക്കിയത്: ഡോ.പൂര്‍ണിമ യാദവ്,  മനുസി ആര്‍, ഡോ.തുളസിവി.

* കൃഷിവിജ്ഞാനകേന്ദ്രം, കൊല്ലം (*റീജണല്‍അഗ്രികള്‍ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, പട്ടാമ്പി) കേരളകാര്‍ഷിക സര്‍വകലാശാല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top