08 May Wednesday

മണ്‍സൂണിനു തൊട്ടുമുമ്പേ എന്തെല്ലാം ഒരുക്കങ്ങള്‍

മലപ്പട്ടം പ്രഭാകരൻUpdated: Thursday Jun 2, 2016

മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങളുടെ ഇടവേള മാത്രം. കര്‍ഷകന് ഏറ്റവും തിരക്കേറിയ നാളുകളാണിത്. ഒട്ടേറെ മുന്നൊരുക്കങ്ങള്‍ ഈ സമയം നടത്തണം. മണ്ണൊരുക്കങ്ങള്‍, ജലനിര്‍ഗമന ചാലുകളുടെ അറ്റകുറ്റപ്പണി, വിത്ത്, വളം ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കല്‍, യന്ത്രസാമഗ്രികള്‍, തൊഴിലാളികള്‍ എന്നിവയുടെയെല്ലാം സജീവ സാന്നിധ്യം ഉറപ്പാക്കല്‍, നടീല്‍വസ്തുക്കള്‍ സജ്ജമാക്കല്‍ ഇങ്ങിനെ ഇനിയും നീട്ടാവുന്ന കുറേ കാര്യങ്ങളുണ്ട് നിര്‍വഹിക്കാന്‍. കാലവര്‍ഷാരംഭത്തിനു തൊട്ടുമുന്നെ നിര്‍വഹിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ചുരുക്കിപ്പറയാം.
 
നെല്ല്
ഒന്നാം വിളയ്ക്കുള്ള ഞാറ്റടി ഒരുക്കണം. വിത്ത് സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് നിശ്ചയിക്കാം. വെള്ളത്തിന്റെ ലഭ്യത താമസിച്ചാണെങ്കില്‍ അവിടെ പൊടിവിതയോ, നുരിവിതയോ ആക്കാം. അല്ലാത്തിടത്ത് പറിച്ചുനടുന്നതാണ് നല്ലത്. ഒരേക്കറില്‍ നടാന്‍ 10 സെന്റ് സ്ഥലത്ത് ഞാറ്റടി വേണം. മൂപ്പുകുറഞ്ഞ ഇനമെങ്കില്‍ 18–20 ദിവസത്തിനകവും മധ്യകാല മൂപ്പുള്ളത് 25 ദിവസത്തിനകവും പറിച്ചുനടാന്‍തക്കവിധം ഞാറ്റടി ഒരുക്കണം.

ഒരേക്കറില്‍ നടാന്‍ 34 കി.ഗ്രാം വിത്ത് മതി. ഞാറ്റടി നന്നാവണം. ഞാറില്‍ പിഴച്ചാല്‍ ചോറില്‍ പിഴയ്ക്കും. പ്രധാന കൃഷിയിടം ഉഴുത് കട്ടയുടച്ച് നിര്‍ബന്ധമായും കുമ്മായം ചേര്‍ത്തുവയ്ക്കണം. അടിസ്ഥാനപരമായി കുമ്മായം ഒരുസെന്റിന് രണ്ട് കി.ഗ്രാം വേണം. ജൈവവളം (കാലിവളം, കമ്പോസ്റ്റ് എന്നിവ ഏക്കറില്‍ 2000 കി.ഗ്രാം അവസാന ഉഴവോടെ ചേര്‍ത്തുവയ്ക്കണം. ഇടമഴ ലഭിച്ചാല്‍ പാടങ്ങളില്‍ വന്‍പയര്‍വിത്ത് വിതയ്ക്കുക. നെല്ല് പറിച്ചുനടാനാവുമ്പോഴേക്കും ഇത് പച്ചില വളമായി ഉഴുതുചേര്‍ക്കാം.

തെങ്ങ്
പുതിയ തെങ്ങിന്‍തൈകള്‍ വയ്ക്കുന്നവയ്ക്ക് കുഴിയെടുക്കാം. ചെങ്കല്‍പ്രദേശത്ത് 1.2 മീ. സമചതുരവും ആഴമുള്ള കുഴിയും സാധാരണ മണ്ണില്‍ ഒരു മീറ്ററും മണല്‍മണ്ണില്‍ 75 സെ. മീ. കുഴിഅകലം. വരികള്‍ തമ്മിലും കുഴിതമ്മിലും 7.6 മീറ്റര്‍ അകലമാവണം. കൂമ്പുചീയല്‍ സാധ്യതയുള്ളതിനാല്‍ മഴയ്ക്കുമുമ്പേ ബോഡോമിശ്രിതം നാമ്പിലും ഇലയിലും തളിക്കണം.
പുതുമഴയോടെ ജൈവ–രാസ വളം ചേര്‍ക്കാനുള്ള ഒരുക്കം നടത്തണം. അതിനുമുമ്പെ തെങ്ങിന് രണ്ടു കി.ഗ്രാം കുമ്മായം ചേര്‍ക്കുക. നേഴ്സറികളില്‍ വിത്തുതേങ്ങ പാകാനും ഈ സമയം നല്ലത്.

കുരുമുളക്
കൊട്ടതൈകള്‍ വളര്‍ത്താം. ചുവടുകള്‍ വൃത്തിയാക്കി ജൈവവളം ചേര്‍ക്കാന്‍ പാകത്തില്‍ തയ്യാറാക്കുക. മഴയോടെ ചേര്‍ക്കുക. കുമ്മായം 1.5 കിഗ്രാം ഇടമഴസമയത്ത് ചേര്‍ക്കുക. ഇടമഴ കിട്ടിയാല്‍ കാലവര്‍ഷത്തിന് നാലഞ്ചുനാള്‍ മുമ്പെ കുമിള്‍രോഗത്തിനെതിരെ ബോഡോ മിശ്രിതം തളിക്കണം. താങ്ങുകാലുകള്‍ പിടിപ്പിക്കാനും ഈ സമയം നല്ലതാണ്. കിഴങ്ങുവര്‍ഗങ്ങള്‍
മിക്ക കിഴങ്ങുവര്‍ഗങ്ങളും മഴയ്ക്കുമുമ്പുള്ള ഇടമഴയോടെ കൃഷിയിറക്കാം. ചേന മുന്‍കൂട്ടി നട്ട് കിളിര്‍ത്തതാണെങ്കില്‍ ജൈവ–രാസ വളം ചെയ്യാം.

ഇഞ്ചി–മഞ്ഞള്‍
കാലവര്‍ഷാരംഭത്തില്‍തന്നെ വിളവിറക്കണം. ഇടമഴ കിട്ടിയാല്‍ നിലം ഒരുക്കണം. കുമ്മായം സെന്റിന് 1.5 കി.ഗ്രാം, ജൈവവളം സെ. 50–100 കി.ഗ്രാംവരെ ചേര്‍ത്ത് മണ്ണ് തയ്യാറാക്കാം. വിത്ത് സൂക്ഷിച്ചിടത്തുനിന്നു തെരഞ്ഞെടുത്ത് രോഗപ്രതിരോധത്തിന് ജൈവ കുമിള്‍നാശിനിയില്‍ മുക്കി തണലില്‍ ഉണക്കാം. പുതുമഴയോടെയോ നല്ല ഇടമഴ ഉണ്ടെങ്കിലും മഴയ്ക്കുമുമ്പെ നടാം.

പച്ചക്കറികള്‍
മഴക്കാല പച്ചക്കറിക്ക് ഒരുങ്ങിനില്‍ക്കണം. ഇടമഴയുടെ ഈര്‍പ്പം നോക്കി നിലം ഒരുക്കി കുമ്മായവും ജൈവവളവും ചേര്‍ത്തുവയ്ക്കുക. വിത്തൊരുക്കുക. തൈകള്‍ ഗ്രോബാഗില്‍ തയ്യാറാക്കാന്‍ പറ്റിയ സമയമാണ്. പേപ്പര്‍ കപ്പുകളോ ട്രേകളോ മതി. ഇതില്‍ മണ്ണിരവളമോ, ചകിരിവളമോ മറ്റ് പോട്ടിങ് മിശ്രിതമോ നിറച്ച് വെണ്ട, വഴുതിന, പാവല്‍, പടവലം, മത്തന്‍, കുമ്പളം, മുളക്, തക്കാളി തുടങ്ങിയവയുടെയെല്ലാം വിത്ത് നട്ട് തൈ വളര്‍ത്തുക. കാലവര്‍ഷം ലഭിച്ചാല്‍ നടാം.

മറ്റ് വിളകള്‍
റബര്‍ പുതുകൃഷിക്കും പഴയ തോട്ടങ്ങളില്‍ മരുന്നുതളി, വളപ്രയോഗം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം. കശുമാവ് തൈകള്‍ കൂടകളില്‍ പാകി വളര്‍ത്താം. കുഴികള്‍ ഒരുക്കിനിര്‍ത്താം. വാഴയുള്‍പ്പെടെയുള്ള പഴവര്‍ഗ വിളകള്‍ക്കുള്ള വിത്തുതൈകള്‍ ഒരുക്കല്‍, നിലം ഒരുക്കല്‍ എന്നിവയെല്ലാം ജാഗ്രതയോടെ ഇപ്പോള്‍ തയ്യാറാവുക. ഓരോ പറമ്പിലും വരമ്പുതീര്‍ത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top