08 May Wednesday

ഭൂ സംരക്ഷണത്തിന് മുള നല്ല വിള

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018

മണ്ണൊലിപ്പ്‌ തടയാനും കരയിടിച്ചിൽ തടയാനും പുഴയോരങ്ങളിലും കനത്ത ജലപ്രവാഹം ഉണ്ടാകാനിടയുള്ള ഇടങ്ങളിലും യോജിച്ച കൃഷിയാണ്‌ മുളവളർത്തൽ. മുള കടത്തുന്നതിന്‌ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പാർലമെന്റ്‌ പാസാക്കിയ നിയമപ്രകാരം എടുത്തുകളഞ്ഞതോടെ നല്ല വരുമാനമാർഗമായും മുളക്കൃഷി മാറിയിട്ടുണ്ട്‌. കുത്തനെയുള്ള കുന്നിൻചരിവുകൾ, കനത്ത കാറ്റടിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മുള കൃഷിചെയ്യാം.

ജൂൺമാസമാണ്‌ മുള നടാൻപറ്റിയ സമയം. എന്നാൽ, ജലസേചനസൗകര്യം ഉള്ളിടത്ത്‌ ഏതു മാസവും മുള നടാം. 80 അടിയിലേറെ വളരുന്ന മുളകളുണ്ട്‌. വളർത്തുന്ന പരിസരത്തെ സാഹചര്യങ്ങൾകൂടി കണക്കിലെടുത്തുവേണം മുള വളർത്താൻ.

ബാംബൂസ, ഡെൻഡ്രോകലാമസ്‌, ഓക്ലാൻഡ്ര എന്നീ വിഭാഗത്തിൽപ്പെട്ട മുളകളാണ്‌ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്‌. ഈറ്റ അഥവാ ചെറുമുള വിഭാഗത്തിൽപ്പെടുന്ന ഇനങ്ങളാണ്‌ ഓക്ലാൻഡ്ര. ഏഴു വർഷത്തിലൊരിക്കൽ ഇവ പൂവിടും. ബാംബൂസ വൾഗാരിസ വിഭാഗത്തിൽപ്പെട്ടവയാണ്‌ മഞ്ഞമുളകൾ. ബാംബൂസ ബാംബോസ്‌ ഇനത്തിൽപ്പെട്ട പൊള്ളമുളകളാണ്‌ കേരളത്തിൽ ധാരാളമായി വളരുന്ന മറ്റൊരിനം. 45 വർഷംവരെ ഇവ വളരും. തുടർന്ന്‌ പൂവിടും. ഡെൻഡ്രോകലാമസ്‌ എന്ന വിഭാഗത്തിൽപ്പെടുന്ന കല്ലൻമുളകൾ, കോൺക്രീറ്റ്‌ ജോലികൾക്കും വാഴകൾക്ക്‌ താങ്ങുതൂണായും ഉപയോഗിക്കാറുണ്ട്‌. 

ഏതു കാലാവസ്ഥയിലും മുള വളരും. ആദ്യ മൂന്നുവർഷം ശുഷ്‌കമായ വളർച്ചയായിരിക്കും. തുടർന്ന്‌ ശീഘ്രഗതിയിലാകും വളർച്ച. ഒരേക്കർ ഭൂമിയിൽ 160 ചുവടുകൾവരെ നടാം. രണ്ടു തൈകൾക്കിടയിലും രണ്ടുനിരകൾ തമ്മിലുമുള്ള ഇടയകലം കുറഞ്ഞത‌് അഞ്ചുമീറ്ററെങ്കിലും വേണം. നട്ട്‌ രണ്ടാംവർഷം ജൈവവളപ്രയോഗം നടത്തണം. ഒരു ചുവടിന്‌ രണ്ടു കിലോ ഗ്രാം ജൈവവളം നൽകണം.

ഒരു ഹെക്ടർ വിസ്‌തൃതിയുള്ള തോട്ടങ്ങളിൽനിന്ന്‌ 30‐40 ടൺവരെ മുളകൾ ലഭിക്കും. നട്ട്‌ ആറാംവർഷംമുതൽ മുളവെട്ടിയെടുക്കാം.
മുളത്തൈകൾ, പരിപാലനരീതികൾ എന്നിവ ലഭിക്കുന്ന സ്ഥാപനങ്ങൾ:     

കേരള വനം ഗവഷേണകേന്ദ്രം ‐  പീച്ചി, തൃശൂർ. 
കേരള ബാംബൂ മിഷൻ തിരുവനന്തപുരം.  
ഉറവ്‌, തൃകൈപ്പറ്റ, വയനാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top