04 July Friday

വരുമോ ഈ വഴി വീണ്ടും - ആലങ്കോട്‌ ലീലാകൃഷ്‌ണൻ എഴുതുന്നു

alankodeleelakrishnan@gmail.comUpdated: Sunday Dec 29, 2024


ഏഴര പതിറ്റാണ്ടുകാലത്തെ കേരളീയ സർഗ ജീവിതത്തോടൊപ്പം സ്‌പന്ദിച്ച രചനാലോകമാണ് എം ടി വാസുദേവൻ നായരുടേത്‌.  ഏറ്റക്കുറച്ചിലുകളില്ലാത്ത ലവണസമുദ്രംപോലെ നാലു തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാര തീവ്രതയോടെ ആ രചനാലോകം പ്രവർത്തിച്ചു. ഓരോ വായനക്കാരനും ഇത് എന്റെ കഥയാണെന്ന് തിരിച്ചറിഞ്ഞു. ഇത്രമേൽ സ്വാനുഭവത്തിൽ വായിച്ച ഒരു എഴുത്തുകാരൻ മലയാളിക്ക് വേറെയില്ല.

എം ടിയുടെ രചനകൾ ഒട്ടുമിക്കതും കൂടല്ലൂരിന്റെ കഥകളാണ്. കൂടല്ലൂർ ഗ്രാമത്തോട് താൻ അത്രമേൽ കടപ്പെട്ടിട്ടുണ്ടെന്ന്‌ എം ടിതന്നെ പറഞ്ഞിട്ടുണ്ട്.  ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്‌തമയവുംപോലെ മനോഹരമായ ഒരു കാഴ്ചയും ലോകത്തിലില്ലെന്ന് വിശ്വസിക്കുന്ന തനി ഗ്രാമീണനാണ്‌ താനെന്ന് എം ടി ആവർത്തിച്ചിട്ടുണ്ട്.  കൂടല്ലൂരിന്റെ ഭൂമികയിൽ രചനകളിലൂടെ പുതിയൊരു ഭൂമിശാസ്ത്രം സൃഷ്ടിക്കുകയാണ് എം ടി ചെയ്‌തത്‌. തോമസ്‌ ഹാർഡിയുടെ വെസെക്‌സുപോലെയും  ഫോക്‌നറുടെ എക്‌നാഫിറ്റോഫപോലെയും മാർകേസിന്റെ മക്കെൻഡോപോലെയും എം ടി വാസുദേവൻ നായർ എഴുതിച്ചേർത്ത കഥയും ചരിത്രവും പുരാവൃത്തവും പ്രകൃതിയും ഭാവനയും ജീവിതവുംകൂടി ചേർന്നതാണ്‌ കൂടല്ലൂർ ദേശം.  എഴുത്തുകാരൻ തന്റെ രചനകളിലൂടെ സൃഷ്ടിച്ച അനുഭവ ദേശവും യഥാർഥ ഭൂമിശാസ്ത്രം നിർണയിച്ചുവച്ച പ്രകൃത ദേശവും ചേർന്നുണ്ടായ ഒരു മൂന്നാം ദേശമാണ് അത്‌. യഥാർഥ കൂടല്ലൂരിൽ ഉള്ളതു മുഴുവൻ കഥകളിലെ കൂടല്ലൂരിൽ ഇല്ല.

കഥകളിലെ കൂടല്ലൂരിലുള്ളത് പലതും യഥാർഥ കൂടല്ല്ലൂരിലും ഇല്ല.  എഴുത്തുകാരന്റെ ഇച്ഛാപൂർണമായ സങ്കൽപ്പംകൂടി അവിടെ അധ്യാരോപം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഗ്രാമത്തിലെ ഋതുശൂന്യമായിത്തീർന്ന  അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഓർമകളുടെയും ബഹുവർണ സൗന്ദര്യമുള്ള ദുഃഖങ്ങളും നൈരാശ്യങ്ങളും സർഗാത്മകമായി എം ടി നമുക്ക് തന്നു. എം ടി എഴുതിയപ്പോൾ എല്ലാ നിമിഷങ്ങളും കൂടുതൽ അനുഭവസാന്ദ്രമായി. കൂടല്ലൂരിനോട് പലതും കൂട്ടിച്ചേർത്തതുപോലെ കൂടല്ലൂരിൽനിന്ന് ചിലത്‌ എം ടി മാറ്റുകയും ചെയ്തു. സ്നേഹപൂർണവും നന്മയേറിയതുമായ ആ ഗ്രാമീണ സ്വർഗത്തിന്റെ കഥയാണ് ആവർത്തിച്ചാവർത്തിച്ച്‌  പറഞ്ഞത്. തളരുമ്പോൾ സ്വന്തം മണ്ണിനെ കെട്ടിപ്പുണർന്നു കിടക്കുന്ന ട്രോജൻ പടയാളിയെപ്പോലെ, താൻ തളുരുമ്പോഴൊക്കെ ഈ ഗ്രാമത്തിലേക്ക് വരുന്നുവെന്ന് എം ടി എഴുതിയിട്ടുണ്ട്‌. എന്നാൽ, താരതമ്യേന പുതിയ കഥയായ ശിലാലിഖിതം നൽകുന്ന സൂചന,  ഗ്രാമത്തിന്റെ നന്മയും നഷ്ടപ്പെട്ടു പോകുന്നു എന്നാണ്. നീണ്ട മണിക്കൂറുകളോളം ജീവൻ പോകാതെ കൺമുന്നിൽ പിടഞ്ഞ്‌ കിടന്നിട്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു സ്ത്രീയെ ഗ്രാമം തിരിഞ്ഞുനോക്കിയില്ലെന്ന അറിവിന്റെ ഞെട്ടലിൽ, നിരന്തരം മനുഷ്യവിരുദ്ധ ജ്ഞാനങ്ങളിലേക്ക് അപനിർമിക്കപ്പിക്കപ്പെടുന്ന ഒരു പുതിയ ദേശചിത്രം എം ടി അടയാളപ്പെടുത്തിയിരിക്കുന്നു. ഒടുവിൽ മനുഷ്യത്വത്തിന്റെ ആത്യന്തികമായ പ്രകാശനം, പ്രതികരണം നഗരത്തിൽനിന്നു വന്ന ഒരു കുട്ടിയിലേക്ക് മാറ്റിപ്രതിഷ്‌ഠിക്കുക വഴി നഗരമോ -ഗ്രാമമോ അല്ല, മനുഷ്യത്വമാണ് ജീവിതത്തിന്റെ ബലമെന്ന്‌ എം ടി ഉപദർശിക്കുകയാണ്‌. കണ്ണീർപ്പാടങ്ങളിൽക്കൂടി, മഹായുദ്ധങ്ങളിൽക്കൂടി,  ദുരന്തങ്ങളിൽക്കൂടി, ദാരിദ്ര്യത്തിൽക്കൂടി ആശ്വസിപ്പിച്ചും ശുദ്ധീകരിച്ചും കൊണ്ടുപോകുന്ന ഈ സവിശേഷ കലാവിദ്യ എം ടി സാഹിത്യത്തിലെ  യഥാർഥമായ ജീവിത സൗന്ദര്യമാണ്. മനുഷ്യന്റെ ഏത് സങ്കീർണതയെയും  ഏത്‌ വൈരൂപ്യത്തെയും ഈ ജീവകല അനശ്വരമാക്കിത്തീർക്കുന്നു.

കൂടല്ലൂരിന്റെ ജൈവ പരിസ്ഥിതിയുടെ ഓരോ രോമകൂപത്തെയും എം ടിയുടെ രചനകൾ സ്‌പർശിച്ചിട്ടുണ്ട്‌. ഇവിടത്തെ പുഴ, കുളങ്ങൾ, തോടുകൾ, കൃഷിനിലങ്ങൾ, വിത്തുകൾ, കൃഷിരീതികൾ, നാടൻ തേക്കുസമ്പ്രദായങ്ങൾ തുടങ്ങിയവയൊക്കെ ഒരു ഗ്രാമീണ കൃഷിക്കാരനോ കൃഷിശാസ്ത്രജ്ഞനോ പറയാൻ പറ്റുന്നതിനേക്കാൾ വിശദമായി അസുരവിത്തിലും നാലുകെട്ടിലുമൊക്കെ എം ടി വർണിച്ചിരിക്കുന്നത്‌ കാണാം. പാലത്തറ ചന്തയും കൊളമുക്ക്‌ താപ്പുംപോലുള്ള പഴയ ചന്തകളുടെ ചരിത്രവും ജീവിതവുമുണ്ട്‌.  കാർഷികജീവിതം, വാണിജ്യ വികാസം, നാടോടി വിജ്ഞാനം, സാംസ്കാരിക നരവംശശാസ്ത്രം,  ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജന്മിത്വം, നമ്പൂതിരി ജീവിതം, ക്ലാസിക്കൽ കലകൾ, ക്ഷേത്രങ്ങൾ, നായർ തറവാടുകളിലെ മരുമക്കത്തായ–- കൂട്ടുകുടുംബ വ്യവസ്ഥകൾ, നാട്ടറിവ് നാനാർഥങ്ങൾ, കീഴാള ജീവിതത്തിന്റെ നാനാവിധങ്ങളായ തനിമകൾ, വേലകൾ, പൂരങ്ങൾ, കാവുകൾ, നാടോടിക്കലകൾ, മാപ്പിള ജീവിതത്തിലെ തനിമകൾ, നേർച്ചകൾ,  ജാറങ്ങൾ, സമൂഹ വിജ്ഞാനം, ദേശചരിത്രം തുടങ്ങി ഈ രണ്ടു നൂറ്റാണ്ടുകളിൽ അന്തിചാഞ്ഞ വെളിച്ചങ്ങൾപോലെ അസ്‌തമിച്ചുകൊണ്ടിരുന്ന അനേക കേരളീയ സൗഭാഗ്യങ്ങളെ എം ടിയുടെ രചനാലോകം അനശ്വരമാക്കി. ആ അർഥത്തിൽ കേരളം കടലെടുത്തുപോയാലും മലയാളിക്ക് നവോത്ഥാനാനന്തര കേരളീയതയുടെയും അതിന്റെ പ്രകൃതിയുടെയും സമ്പൂർണമായ സൗന്ദര്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ചരിത്രരേഖകൂടിയാണ് എം ടി സാഹിത്യം.  ഈ ഗ്രാമത്തിന്റെ ഓർമകളിൽനിന്ന് എം ടി സൃഷ്ടിച്ച ലോകം സമാനതകളില്ലാത്തതാണ്. എം ടിക്ക്‌ ഓർമ, ജീവിത ജാഗ്രതയുടെ അടയാളംകൂടിയാണ്.  ഗൃഹാതുരമായ ഓർമകളുടെ സർഗാവിഷ്കാരങ്ങളിലൂടെ സ്നേഹിക്കാനുള്ള കഴിവ്‌ കൈമോശം വരുമ്പോൾ നഷ്ടമായിത്തീരുന്ന ഉൽക്കൃഷ്ടമായ മനുഷ്യബന്ധങ്ങളെക്കുറിച്ച്‌ എം ടി നമ്മെ പേർത്തും പേർത്തും ഓർമപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top