ശാസ്‌ത്ര സാങ്കേതികരംഗത്ത് കുതിപ്പിന്റെ ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. മാനവരാശിയുടെ പുരോഗതിക്ക് ആക്കം കൂട്ടുന്ന ഗവേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വർഷം കൂടിയാണിത്. പ്രപഞ്ച ശാസ്‌ത്രത്തിലെ അത്‌ഭുതങ്ങൾ മുതൽ ക്യാൻസർ, എച്ച്‌ഐവി പ്രതിരോധ മരുന്നുകളുടെ ഗവേഷണങ്ങൾവരെയുള്ള കാര്യങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നവയും. എന്നാൽ ചില രോഗങ്ങളുടെ മടങ്ങിവരവും തീവ്രതയും ആശങ്ക ഉയർത്തുന്നു. ഒപ്പം കാലാവസ്ഥാ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റിയുള്ള പഠനങ്ങൾ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നു.
എയ്ഡ്സിന് ജനിതകചികിത്സ
ക്രിസ്പർ കാസ എന്ന ജീൻ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് കോശങ്ങളിൽനിന്ന് എച്ച്‌ഐവി അണുബാധ പൂർണമായും ഇല്ലാതാക്കാമെന്ന കണ്ടെത്തൽ വഴിത്തിരിവാണ്. രോഗത്തിന് കാരണമായ ഹ്യൂമൻ ഇമ്യൂണോ വൈറസ് രോഗിയുടെ കോശങ്ങളിൽനിന്ന് പൂർണമായി ഇല്ലാതായതായി പരീക്ഷണത്തിൽ തെളിഞ്ഞു. നെതർലൻഡ്‌സ് ആംസ്റ്റർഡാം യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോ. എലേന ഹരേര കെയ്‌റിലോയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. എച്ച്‌ഐവിക്കെതിരെയുള്ള വാക്‌സിനുകളുടെ ഗവേഷണത്തിലും വലിയ മുന്നേറ്റങ്ങളാണ് നടക്കുന്നത്. ക്യാൻസറിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന റഷ്യൻ പ്രസിഡന്റിന്റെ പ്രഖ്യാപനം ലോകത്തിന് ആശ്വാസം പകരുന്നതാണ്. കാൻസർ ബാധിത കോശങ്ങളെ സാധാരണ കോശങ്ങളുടെ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നു.
ഡെങ്കിപ്പനിക്കെതിരെ വാക്സിൻ
ഡെങ്കിപ്പനിക്കെതിരെയുള്ള ‘ഡെങ്കിആൾ' വാക്സിന്റെ ആദ്യത്തെ ഡോസ് ഹരിയാനയിലെ ഒരാളിൽ ഓഗസ്റ്റ് രണ്ടാം വാരത്തിൽ പരീക്ഷിച്ചു. മരുന്ന് കമ്പനിയായ പനാസിയ ബയോടെക്കിനൊപ്പം ചേർന്ന് ഐസിഎംആർ ആണ് വാക്സിൻ വികസിപ്പിക്കുന്നത്. ഇതിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ഏറ്റവും വലിയ ജനിതകം
ഏറ്റവും വലിയ ജനിതകത്തെ ഉൾക്കൊള്ളുന്നത് ഒരു സസ്യമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ജീവപരിണാമത്തിന്റെ താഴെത്തട്ടിൽ നിൽക്കുന്ന പന്നൽച്ചെടി വിഭാഗത്തിലുള്ള മെസിപ്റ്റെറിസ് ഒബ്ലാൻസിയോലേറ്റ ആണ് ഈ ജനിതകസമ്പത്തിന്റെ ഉടമ. ആസ്‌ട്രേലിയയുടെ ചില മേഖലകളിൽമാത്രം കാണുന്ന സസ്യമാണിത്. മനുഷ്യനേക്കാൾ അമ്പതിരട്ടി ജനിതകമാണുള്ളത്.
ഡിങ്കാ ഡിങ്കാ
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയെ ഭീതിയിലാഴ്‌ത്തി ഡിങ്കാ ഡിങ്കാ രോഗം പടർന്നു പിടിക്കുന്നത് ലോകത്തെ ആരോഗ്യ പ്രവർത്തകരേയും ഗവേഷകരേയും ആശങ്കയിലാക്കിയിട്ടുണ്ട്. രോഗ കാരണം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണവർ. നൃത്തം ചെയ്യും പോലെ വിറക്കുകയാണ് രോഗലക്ഷണം. ക്ഷീണം, കഠിനമായ പനി, പക്ഷാഘാതം തുടങ്ങിയവയുമുണ്ട്. കുട്ടികളേയും സ്‌ത്രീകളേയുമാണ് കൂടുതലായി ബാധിക്കുന്നതെന്നതും പ്രത്യേകതയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..