അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന് സുനിത വില്യംസിന്റെ മടക്കം എന്നുണ്ടാകുമെന്ന ചർച്ച തുടരുമെന്ന സൂചനയാണ് വർഷാന്ത്യം നൽകുന്നത്. സുനിതയ്ക്കും സഹപ്രവർത്തകനായ ബുച്ച്‌വിൽമോറിനും മടങ്ങാനുള്ള പേടകം തയ്യാറായിട്ടില്ല. ഏപ്രിൽ വരെയെങ്കിലും ഇരുവർക്കും കാത്തിരിക്കേണ്ടി വരും. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി ജൂൺ 5നാണ് ഇരുവരും നിലയത്തിലേക്ക് യാത്രതിരിച്ചത്. യാത്രക്കിടെ പേടകത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായി. സുരക്ഷിതമായി ഇരുവരും നിലയത്തിൽ എത്തിയെങ്കിലും മടക്കം അനിശ്ചിതത്വത്തിലാണ്. ബഹിരാകാശ നിലയത്തിന്റെ കാലപ്പഴക്കവും വാതക ചോർച്ചയും ബാക്ടീരിയയുടെ സാന്നിധ്യവും ബഹിരാകാശ മാലിന്യം സൃഷ്ടിച്ച പ്രതിസന്ധികളും ചർച്ചയായ വർഷം കൂടിയാണ് കടന്നുപോകുന്നത്. എങ്കിലും നിലയത്തിലെ പരീക്ഷണങ്ങളും ഗവേഷണങ്ങളും തടസ്സമില്ലാതെ തുടരുന്നു. മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുള്ള നാസയുടെ ആർട്ടമസ് ദൗത്യം 2026ലേക്ക് നീട്ടി. വ്യാഴത്തിന്റ ഉപഗ്രഹമായ യൂറോപ്പയിലേക്ക് ക്ലിപ്പർ പേടകം യാത്ര തിരിച്ചത് ഒക്ടോബറിലാണ്. 2031ൽ ലക്ഷ്യത്തിലെത്തും.
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാഗോങ് ഈ വർഷം പൂർണതോതിൽ പ്രവർത്തന സജ്ജമായി. വിവിധ രാജ്യങ്ങൾ ചൈനയുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ചന്ദ്രന്റെ മറുപുറത്ത് നിന്നുള്ള ആദ്യ സാമ്പിളുമായി ചൈനയുടെ ചാങ് 6 പേടകം മടങ്ങി എത്തിയതും നേട്ടമാണ്. മറുപുറത്ത് ആളെ ഇറക്കാനും കോളനി സ്ഥാപിക്കാനുമുള്ള ലക്ഷ്യമിടുകയാണ് ചൈന. ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ 4ഉം അണിയറയിൽ ഒരങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..