ധാക്ക > വോട്ടിങ് പ്രായം 17 വയസാക്കാനുള്ള ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നിർദേശം തെരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാൻ കാരണമാകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി).
വോട്ടിങ് പ്രായം ഏറ്റവും കുറഞ്ഞത് 17 ആക്കണമെന്ന മുഹമ്മദ് യൂനുസിന്റെ നിർദ്ദേശം തെരഞ്ഞെടുപ്പ് കമീഷനെ സമ്മർദ്ദത്തിലാക്കുമെന്നും ഇത് തെരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കുമെന്നും ബിഎൻപി ശനിയാഴ്ച പറഞ്ഞു. ആഗസ്‌തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വോട്ടിങ് പ്രായം 17 വയസായി കുറയ്ക്കണമെന്ന് നിർദ്ദേശിച്ചതായി ധാക്ക ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
“അവരുടെ(യുവജനങ്ങൾ)സ്വന്തം ഭാവിയെക്കുറിച്ച് അഭിപ്രായം പറയാൻ, അവരുടെ വോട്ടിങ് പ്രായം 17 വയസാക്കണമെന്ന് ഞാൻ കരുതുന്നു.” എന്ന് മുഹമ്മദ് യൂനുസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. വോട്ടിങ് പ്രായം 17 ആയി കുറയ്ക്കാനുള്ള മുഹമ്മദ് യൂനസിന്റെ നിർദ്ദേശം അർഥമാക്കുന്നത് പുതിയ വോട്ടർ പട്ടിക തയ്യാറാക്കേണ്ടതുണ്ട് എന്നാണെന്ന് ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ
പറഞ്ഞു.
തെരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാൻ ഇടക്കാല സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്ന ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് അലംഗീർ പറഞ്ഞു.ആരുമായി ആലോചിക്കാതെ മുഹമ്മദ് യൂനുസ് ഈ വിഷയം ഉന്നയിക്കരുതായിരുന്നുവെന്നും അലംഗീർ പറഞ്ഞു. വോട്ട് ചെയ്യാനുള്ള നിലവിലെ കുറഞ്ഞ പ്രായം 18 എന്നത് എല്ലാവർക്കും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് ഇത് 17 ആയി കുറയ്ക്കണമെങ്കിൽ, തെരഞ്ഞെടുപ്പ് കമീഷനോട് അത് നിർദ്ദേശിക്കുകയും രാഷ്ട്രീയ പാർടികളുമായി ചർച്ച നടത്തുകയും ചെയ്യട്ടെ" എന്നാണ് വിഷയത്തിൽ അലംഗീർ പറഞ്ഞത്.
2026-ന്റെ തുടക്കത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഹമ്മദ് യൂനുസ് സൂചിപ്പിച്ചിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..