ഗാസ സിറ്റി
മധ്യഗാസയിൽ കൊടുംതണുപ്പിൽ കൈക്കുഞ്ഞ് മരിച്ചു. 20 ദിവസം പ്രായമുള്ള ജോമാ അൽബത്രാനാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളില്ലാതെ മരിച്ചത്. അതിശൈത്യം തുടങ്ങിയശേഷം തണുപ്പേറ്റ് മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്.
ഇരട്ട സഹോദരനെ അതീവ ഗുരുതരാവസ്ഥയിൽ അൽ അഖ്‌സ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചു. ഗാസയിലെ താപനില രാത്രിയിൽ മൈനസ് 10 ഡിഗ്രിയിൽ എത്തും. വൈദ്യുതിയോ പുതപ്പുകളോ ഇല്ലാതെ തുറസായ സ്ഥലങ്ങളിൽ ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾക്ക് കൊടുംതണുപ്പിനെ അതിജീവിക്കാനാകില്ലെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അൽ വഫ ആശുപത്രി
ആക്രമണത്തിൽ 7 മരണം
കമാൽ അദ്വാൻ ആശുപത്രി തരിപ്പണമാക്കിയതിന് പിന്നാലെ ഗാസ സിറ്റിയിലെ അൽ വഫ ആശുപത്രിയിലേക്കും ഇസ്രയേൽ ആക്രമണം. ആശുപത്രിയിലെ മുകൾ നിലയിൽ മിസൈൽപതിച്ച് ഏഴുപേർ കൊല്ലപ്പെട്ടു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് വൈദ്യസഹായം നൽകിവന്നിരുന്ന ആശുപത്രിയായിരുന്നു ഇത്. കൂടുതൽ രോഗികളെ സ്വീകരിക്കുവാൻ ആശുപത്രി സജ്ജമായി വരികയായിരുന്നു. എന്നാൽ ആശുപത്രി പ്രവർത്തനക്ഷമം അല്ലാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ ന്യായീകരണം. കമാൽ അദ്വാൻ ആശുപത്രിക്ക് തീവച്ച് ആശുപത്രി ഡയറക്ടറെയും ജീവനക്കാരെയും അറസ്റ്റുചെയ്തതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..