മെൽബൺ
നിതീഷ് കുമാർ റെഡ്ഡിയുടെ ആഘോഷങ്ങൾ വ്യത്യസ്‌തമായിരുന്നു. സെഞ്ചുറി പൂർത്തിയാക്കിയശേഷമുള്ള നിമിഷങ്ങൾ അച്ഛൻ മുത്യാലറെഡ്ഡിക്ക് വേണ്ടിയാണ് സമർപ്പിച്ചത്. നിതീഷിന്റെ കഥ പൂർത്തിയാകണമെങ്കിൽ അതിൽ മുത്യാലയുടെ ത്യാഗങ്ങളുടെയും സഹനത്തിന്റെയും അധ്യായങ്ങൾകൂടി ചേരണം. മെൽബണിൽ ആ അച്ഛൻ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായിരുന്നു.
കഴിഞ്ഞ 10 വർഷമായി ക്രിക്കറ്റ് എന്ന സ്വപ്‌നത്തിന് പിറകെയായിരുന്നു കുടുംബം. മധ്യവർഗകുടുംബത്തിന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചായിരുന്നു വളർച്ച. മകന്റെ ക്രിക്കറ്റ് ജീവിതത്തിനുവേണ്ടി മുത്യാല ഉണ്ടായിരുന്ന സർക്കാർജോലി ഉപേക്ഷിച്ചു. 25 വർഷത്തെ സർവീസ് ബാക്കിയുണ്ടായിരുന്നു. അന്ന് നിതീഷിന് 12 വയസ്സ്. ഉദയ്‌പുരിലേക്കുള്ള സ്ഥലംമാറ്റം വേണ്ടെന്നുവച്ചായിരുന്നു തീരുമാനം. ഇതിനിടെ, ഒരു ബിസിനസ് തുടങ്ങാൻ 20 ലക്ഷം നിക്ഷേപിച്ചു. കടം വാങ്ങിയ പണം സുഹൃത്തുക്കൾ തിരിച്ചുനൽകാതിരുന്നതോടെ വലിയ ബാധ്യതയിലേക്ക് വീണു.
വീട്ടിൽ ഒരു ട്രോഫിപോലുമില്ലാത്തതായിരുന്നു നിതീഷിന്റെ സങ്കടം. വിശാഖപട്ടണത്ത് ഗജുവാർക്കയിലെ തുംഗലാം എന്ന ചെറിയൊരു ഗ്രാമത്തിലായിരുന്നു ജനനം. തുടർന്ന് വിശാഖപട്ടണം നഗരത്തിലേക്ക് താമസം മാറി. ഇതിനിടെ അണ്ടർ 19 ക്രിക്കറ്റിൽ ഇടംകിട്ടി. 2017–-19 കാലഘട്ടത്തിൽ മികച്ച പ്രകടനമാണ് ആഭ്യന്തര ടൂർണമെന്റുകളിൽ പുറത്തെടുത്തത്. കോവിഡ് ഇടവേളയ്‌ക്കുശേഷം അവസരങ്ങൾ കുറഞ്ഞു. കഠിനാധ്വാനം ചെയ്‌തു. 2023ലെ ഐപിഎൽ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷത്തിന് സൺറൈസേഴ്‌സ് ഹൈദരാബാദ് നിതീഷിനെ സ്വന്തമാക്കി. ആ പണംകൊണ്ടായിരുന്നു സ്വന്തമായൊരു വീടുണ്ടാക്കിയത്. 2024 ഫെബ്രുവരിയിൽ നിതീഷിന്റെ കളിജീവിതം മാറി. രഞ്‌ജി ട്രോഫിയിൽ ആന്ധ്രയ്‌ക്കായി 186 പന്തിൽ 159 റണ്ണാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ഹൈദരാബാദ് ടീമിലും മിന്നി. ജൂലൈയിൽ ഇന്ത്യൻടീമിലേക്കുള്ള വിളിവന്നു. പക്ഷേ, പരിക്കുകാരണം മടങ്ങി. ഒക്‌ടോബറിൽ അരങ്ങേറി.
ട്വന്റി20യിലായിരുന്നു തുടക്കം. വെറും 21 ഒന്നാം ക്ലാസ് മത്സരങ്ങളുടെ പരിചയമുള്ള ബാറ്റിങ് ഓൾ റൗണ്ടറെ ഓസീസുമായുള്ള ടെസ്‌റ്റ്‌പരമ്പരയ്‌ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയപ്പോൾ നെറ്റിചുളിച്ചവർ ഏറെയാണ്. എന്നാൽ, ബാറ്റുകൊണ്ടും പന്തുകൊണ്ടുമായിരുന്നു മറുപടി. നാലുകളിയിൽ 284 റണ്ണും മൂന്ന് വിക്കറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..