ന്യൂയോർക്ക്
ഇന്ത്യയുടെ കൊണേരു ഹമ്പി ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം ജേത്രിയായി. അഞ്ചുവർഷത്തെ ഇടവേളയ്‌ക്കുശേഷം രണ്ടാംതവണയാണ് മുപ്പത്തേഴുകാരി ചാമ്പ്യനാകുന്നത്. അവസാന റൗണ്ടിൽ ഇന്തോനേഷ്യയുടെ ഐറിൻ സുക്കന്തറിനെ തോൽപ്പിച്ച് എട്ടര പോയിന്റുമായാണ് നേട്ടം. ആന്ധ്രയിലെ വിജയവാഡയിൽനിന്നുള്ള ഈ ഗ്രാൻഡ്‌മാസ്റ്റർ 2019ൽ ലോകകിരീടം നേടിയിരുന്നു.
പതിനെട്ടുകാരൻ ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യനായശേഷം ഇന്ത്യ നേടുന്ന മറ്റൊരു ലോകകിരീടമാണിത്. ചൈനയുടെ ജു വെൻജുൻ റണ്ണറപ്പായി. ഇന്ത്യൻ താരം ഡി ഹരിക അഞ്ചാംസ്ഥാനത്തെത്തി. ഓപ്പൺ വിഭാഗത്തിൽ റഷ്യയുടെ പതിനെട്ടുകാരൻ വൊളോദർ മുർസിൻ ജേതാവായി. ആദ്യ മൂന്നുസ്ഥാനവും റഷ്യക്കാണ്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന അർജുൻ എറിഗെയ്‌സി അഞ്ചാംസ്ഥാനത്തായി.
ഹമ്പി റാണി
കൊണേരു ഹമ്പി ലോക ചാമ്പ്യനാകുമെന്ന് ഒരു ചെസ് പണ്ഡിതനും പ്രവചിച്ചിരുന്നില്ല. റാപ്പിഡ് ചെസിൽ 14-ാംറാങ്ക്. വരവ് പത്താംസീഡായി. ആദ്യറൗണ്ടിൽ തോൽക്കുകയും ചെയ്‌തു. എന്നാൽ, ആത്മവിശ്വാസം കൈവിടാതെ തിരിച്ചുവന്നാണ് രണ്ടാംതവണ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്. ചൈനയുടെ ജുൻ വെൻജുൻമാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 11 റൗണ്ടിൽ എട്ടര പോയിന്റോടെയാണ് നേട്ടം. അവസാനറൗണ്ടിനുമുമ്പ് ഏഴുപേർ ഒപ്പത്തിനൊപ്പമായിരുന്നു.
നിർണായകമത്സരത്തിൽ ഇന്തോനേഷ്യയുടെ ഐറിൻ സുക്കന്ദറിനെയാണ് കീഴടക്കിയത്. ആദ്യറൗണ്ടിൽ കസാഖ്‌സ്ഥാന്റെ അമിന കെയർബെകോവയോട് തോറ്റശേഷമാണ് തിരിച്ചുവരവ്. ഹമ്പിയുടെ ചെസ്‌ജീവിതം തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റേതുമാണെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നു. ‘അഹാന’ എന്ന പെൺകുഞ്ഞിന് ജന്മം നൽകാനും വളർത്താനും രണ്ടുവർഷത്തെ ഇടവേളയെടുത്തശേഷം 2019ൽ ലോകജേതാവായ ചരിത്രമാണുള്ളത്. കുട്ടിക്കാലംമുതൽ ഒന്നാംസ്ഥാനം മാത്രമാണ് മോഹിപ്പിക്കാറുള്ളതെന്ന് വിജയിയായശേഷം ഹമ്പി പറഞ്ഞു. രണ്ടും മൂന്നും സ്ഥാനത്തിനായി കളിക്കാറില്ല. ഇത്തവണ ആദ്യറൗണ്ട് തോറ്റശേഷം മികച്ച കളി സാധ്യമായി. ഒരുക്കമെല്ലാം ഒറ്റയ്‌ക്കായിരുന്നുവെന്ന് ഹമ്പി പറഞ്ഞു. 1987ൽ ആന്ധ്രയിലെ ഗുഡിവാഡയിലാണ് ജനനം. അച്ഛൻ കൊണേരു അശോകായിരുന്നു ഗുരു. അച്ഛന്റെ കൈപിടിച്ച് ചെസ് വേദികളിലെത്തിയ കൊച്ചു ഹമ്പി കൗതുകക്കാഴ്‌ചയായിരുന്നു. ആറാംവയസ്സിൽ വിജയവാഡയിൽ അണ്ടർ 8 ടൂർണമെന്റ് ജയിച്ചാണ് തുടക്കം. തുടർന്ന് ജില്ല–-സംസ്ഥാന ടീമിലെത്തി.
15 വർഷവും ഒരുമാസവും 27 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്‌മാസ്‌റ്ററായി ചരിത്രംകുറിച്ചു. പുരുഷമേധാവിത്വമുള്ള ഇന്ത്യൻ ചെസ് രംഗത്ത് അരികുവൽക്കരിക്കപ്പെടുന്ന വനിതാ ചെസിന് ഉയിർപ്പും ഊർജവും നൽകുന്നതാണ് ഹമ്പിയുടെ നേട്ടം. നാലുതവണ ലോക റാപ്പിഡിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടാൻ സാധിച്ചു. 2012ൽ മൂന്നാംസ്ഥാനമായിരുന്നു. 2019ൽ ജേതാവായി. 2023ൽ റണ്ണറപ്പ്. ഇക്കുറി എല്ലാ വെല്ലുവിളികളും അതിജീവിച്ച് സ്വപ്‌നസമാനമായ നേട്ടം.
കാൾസന്റെ വേദിയിൽ മുർസിൻ
ലോക ഒന്നാംനമ്പർ താരം മാഗ്‌നസ് കാൾസന്റെ വിലക്കിലൂടെ ശ്രദ്ധനേടിയ ഓപ്പൺ വിഭാഗത്തിൽ റഷ്യയുടെ പതിനെട്ടുകാരൻ വൊളോദർ മുർസിൻ ജേതാവായി. 13 റൗണ്ടിൽ 10 പോയിന്റാണ് സമ്പാദ്യം. ആദ്യ മൂന്നുസ്ഥാനവും റഷ്യക്കാണ്. അലക്‌സാണ്ടർ ഗ്രിഷുകിനും ഇയാൻ നിപോംനിഷിക്കും ഒമ്പതര പോയിന്റ്. ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ഒമ്പത് പോയിന്റോടെ അഞ്ചാമതായി. ആർ പ്രഗ്‌നാനന്ദ പതിനേഴാമതാണ്. ഫിഡെ ടൂർണമെന്റുകളിൽ ജീൻസ് ധരിക്കരുതെന്ന ചട്ടം ലംഘിച്ചതാണ് നോർവേ താരം കാൾസന് തിരിച്ചടിയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..