മെൽബൺ> ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസീസിന് 333 റൺസ് ലീഡ്. 105 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ഓസീസ് നാലാം ദിനം കളിയവസാനിക്കുമ്പോൾ 228/9 എന്ന നിലയിലാണ്. അവസാന വിക്കറ്റിൽ നഥാൻ ലിയോണും (54 പന്തിൽ 41) സ്കോട്ട് ബോളണ്ടും (65 പന്തിൽ 10) ചേർന്ന നേടിയ 55 റൺസിന്റെ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. തുടക്കം പതറിയതോടെ ഓസീസ് നിരയിൽ മാർനസ് ലബുഷെയ്‌നും (139 പന്തിൽ 70) ക്യാപ്റ്റൻ പാറ്റ് കമ്മിൻസും (90 പന്തിൽ 41) മാത്രമാണ് പിടിച്ചു നിന്നത്. നാല് വിക്കറ്റുമായി ബുമ്രയും മൂന്ന് വിക്കറ്റുമായി സിറാജും മികച്ച പ്രകടം കാഴ്ച്ച വെച്ചു.
നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റൺസ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളൂ. 189 പന്തിൽ 114 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയെ പുറത്താക്കി നേഥൻ ലയണാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചത്. ലിയോൺ, പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ബുമ്ര ഓസീസിനെ ഞെട്ടിച്ചു. ഒന്നാം ഇന്നിങ്‌സിൽ തിളങ്ങിയ 19കാരൻ ഓപ്പണർ സാം കോൺസ്റ്റാസിനെ (18 പന്തിൽ 8) ബുമ്ര മടക്കി. പിന്നാലെ ഉസ്മാാൻ ഖവാജയും (65 പന്തിൽ 21) സ്റ്റീവ് സ്മിത്തിനെയും (41 പന്തിൽ 13) സിറാജ് വീഴ്ത്തി. പിന്നീട് ട്രാവിസ് ഹെഡ് (2 പന്തിൽ 1), മിച്ചൽ മാർഷ് (4 പന്തിൽ 0), അലക്‌സ് കാരി (7 പന്തിൽ 2) എന്നിവരെ മടക്കിയ ബുമ്ര ഓസീസ് മധ്യനിര തകർത്തു. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടയതോടെ ടെസ്റ്റിൽ 200 വിക്കറ്റെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി. ഒരറ്റത്ത് നിന്ന് ഓസീസ് ലീഡ് ഉയർത്തിയ മാർനസ് ലബുഷെയ്‌ൻ സിറാജിന് മുന്നിൽ വീണു. പിന്നാലെ നിതീഷ് കുമാർ റെഡ്ഡി മിച്ചൽ സ്റ്റാർക്കിനെ റൺ ഔട്ട് ആക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയ്ക്ക് മുന്നിലാണ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വീണത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..