മുംബൈ
കേരളത്തിനെതിരെ വിദ്വേഷവിഷം ചീറ്റി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം മിനി പാകിസ്ഥാനാണെന്നും രാഹുൽഗാന്ധിയും പ്രയങ്കയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഭീകരവാദികളുടെ വോട്ടുവാങ്ങിയാണെന്നുമാണ് നിതേഷ് റാണെ പുണെയില്‍ പൊതുപരിപാടിയില്‍ പറഞ്ഞത്.
പ്രസ്‌താവന വിവാദമായതോടെ മന്ത്രി നല്‍കിയ വിശദീകരണവും കേരളത്തെ അപമാനിക്കുന്നതായി. കേരളത്തിലെ സാഹചര്യം പാകിസ്ഥാനുമായി താരതമ്യം ചെയ്‌തതാണെന്നും പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്കെന്നും മന്ത്രി പറഞ്ഞു. "കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ലൗ ജിഹാദ് കേസുകള്‍ കേരളത്തില്‍ കൂടുന്നു. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് ദൈനംദിനകാര്യമായി മാറി.' പന്ത്രണ്ടായിരം ഹിന്ദുസ്ത്രീകളുടെ മതപരിവർത്തനം തടഞ്ഞ ഒരാൾ പ്രസംഗവേദിയിൽ തന്നോടൊപ്പമുണ്ടായിരുന്നെന്ന വിചിത്ര അവകാശവാദവുമുണ്ടായി. സ്ഥിരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്താറുള്ള നിതേഷ് റാണെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനാണ്.
നിതീഷ് റാണെയെ പുറത്താക്കണം:
ബിനോയ് വിശ്വം
കേരളത്തെ മിനി പാകിസ്ഥാനെന്നു വിളിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ നടപടി ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വർഗീയ വിഷം തലയ്‌ക്കുപിടിച്ച് രാജ്യദ്രോഹം തുപ്പുന്ന അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം.
ഭരണഘടനാമൂല്യങ്ങളെ സാമൂഹിക ബോധത്തിന്റെ അടിത്തറയാക്കിയ മതമൈത്രിയുടെ പാതയാണ് കേരളത്തിന്റേത്. മനുസ്മൃതിയുടെ ജീർണിച്ച പാഠശാലയിൽനിന്ന് രാഷ്ട്രീയം പഠിച്ച ബിജെപി മന്ത്രിമാർക്ക് അത് മനസ്സിലാകില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്ന നിതീഷ് റാണെയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണം–- ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..