ന്യൂഡൽഹി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകളെചൊല്ലി പരസ്‌പരം പോരടിച്ചും ചെളിവാരിയെറിഞ്ഞും കോൺഗ്രസും ബിജെപിയും. സ്‌മാരകം നിർമിക്കുന്നതിൽ തുടങ്ങിയ തർക്കം നിഗംബോധ് ഘട്ടിലെ സംസ്‌കാരചടങ്ങിന് പിന്നാലെ പുതിയ പോർവിളിയിലെത്തി.
സംസ്‌കാര ചടങ്ങിൽ മുൻനിരയിൽ മൻമോഹന്റെ ഭാര്യ ഗുർശരണിനും മക്കൾക്കും മറ്റ് ബന്ധുക്കൾക്കും സീറ്റ് നൽകിയില്ല, ദൂരദർശൻ ഒഴികെയുള്ള ദൃശ്യമാധ്യമങ്ങളെ വിലക്കി, ക്യാമറ പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും കൂടുതൽ നേരം കേന്ദ്രീകരിച്ചു, പത്നിക്ക് ദേശീയ പതാക കൈമാറുമ്പോഴും ഗൺസല്യൂട്ട് നൽകുമ്പോഴും മോദി എഴുന്നേറ്റ് നിൽക്കാൻ വിസമ്മതിച്ചു തുടങ്ങിയ ആരോപണങ്ങൾ കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ഉന്നയിച്ചത്. സംസ്‌കാര ചടങ്ങിന്റെ ആസൂത്രണം പാളിയെന്നും മൻമോഹനോട് കടുത്ത അനാദരവ് കാട്ടിയെന്നും കോൺഗ്രസ് ആവർത്തിച്ചു. ചിതയ്‌ക്ക് സമീപം നിൽക്കാൻ കുടുംബത്തിന് വേണ്ട സ്ഥലം നൽകിയില്ല, ചടങ്ങുകളിൽ നിന്ന് പൊതുജനത്തെ അകറ്റിനിർത്തി, അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹന്റെ കുടുംബാംഗങ്ങളുടെ വാഹനങ്ങൾ തടയാൻ കാരണമായി തുടങ്ങിയ ആക്ഷേപവും കോൺഗ്രസ് ഉയർത്തി. ദേശീയ ചടങ്ങുകൾ ദൂരദർശൻ മാത്രമാണ് സംപ്രേഷണം ചെയ്യുകയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. കേന്ദ്രപൊതുമരാമത്ത് വകുപ്പാണ് ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കൾക്ക് മൂന്ന്, നാല് നിരകളിൽ സീറ്റ് നൽകി- മാളവ്യ പറഞ്ഞു.
സ്‌മാരകം കിസാൻ ഘട്ടിന് സമീപം ?
മൻമോഹൻ സിങ്ങിന് സ്‌മാരകം നിർമിക്കാൻ കിസാൻഘട്ട് പരിഗണിക്കുന്നതായി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ സ്‌മാരകം ഇവിടെയാണ്. സമീപത്തുള്ള പ്രദേശത്ത് സ്‌മാരകമൊരുക്കാനാണ് ആലോചന. ഒരുക്കങ്ങൾ തുടങ്ങിയതായി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. എന്നാൽ ഏതാണ് സ്ഥലമെന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ല. ഇന്ദിരാഗാന്ധിയുടെ സ്മൃതി കുടീരമായ ശക്തിസ്ഥലിൽനിന്നുള്ള സ്ഥലം ഉപയോഗിച്ച് മൻമോഹന് സ്‌മാരകം നിർമിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മഹാത്മഗാന്ധിയുടെ സ്‌മൃതി കുടീരമായ രാജ്‌ഘട്ടിനും കിസാൻ ഘട്ടിനും അടുത്താണ് ഇന്ദിരയുടെ സ്‌മാരകം. അതേസമയം, മൻമോഹൻ സിങ്ങിന്റെ ചിതാഭസ്‌മം യമുനയിൽ ഒഴുക്കി.
ഞായർ രാവിലെ ഡൽഹിയിലെ ഗുരുദ്വാര മജ്‌നു കാ തില സാഹിബിന് സമീപമുള്ള യമുനാ ഘട്ടിൽ അദ്ദേഹത്തിന്റെ ചിതാഭസ്‌മം സിഖ് മതാചാരപ്രകാരം നിമജ്ജനം ചെയ്‌തു. മൻമോഹന്റെ ഭാര്യ ഗുർശരൺ കൗറും മക്കളും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..