കലബുര്‍ഗി
കരാറുകാരൻ ആത്മഹത്യചെയ്‌ത സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ പ്രതിരോധത്തിൽ. പ്രിയങ്ക് ഖാര്‍ഗെയുടെ അടുത്ത അനുയായി കോൺഗ്രസ് നേതാവും മുന്‍ കൗൺസിലറുമായ രാജു കുപന്നരു അടക്കമുള്ള ആറുപേര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്‌ക്കും ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയിലും കേസെടുത്തു.
ബീദര്‍ സ്വദേശിയായ സച്ചിന്‍ പഞ്ചൽ ആണ് വ്യാഴാഴ്‌ച ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പൊതുരാമത്ത് പ്രവൃത്തികളുടെ കരാറുമായി ബന്ധപ്പെട്ട് രാജുവും കോൺഗ്രസ് നേതാക്കളടക്കം മറ്റുചിലരും ഒരു കോടി രൂപ ആവശ്യപ്പെട്ടതായും ഇവരിൽ നിന്ന് വധഭീഷണി നേരിട്ടതായും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. കൂടാതെ എംഎൽഎ ബസവരാജ് അടക്കമുള്ള ബിജെപി നേതാക്കളെയും ശ്രീരാമസേന നേതാവ് സിദ്ധലിംഗ സ്വാമിയെയും വധിക്കാന്‍ കോൺഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കരാറുകാരന്റെ കുടുംബവും രംഗത്തെത്തി. മന്ത്രിയും കോൺഗ്രസ് നേതാവുമായ ഈശ്വർ ഖന്ദ്രെ സച്ചിന്റെ വീട്ടിലെത്തിയെങ്കിലും കുടുംബം പ്രതിഷേധിച്ചു.
പ്രിയങ്ക് ഖാര്‍ഗെയുടെ വലംകൈയാണ് രാജു കുപന്നരുവെന്നും മന്ത്രി രാജിവയ്‌ക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. അതേസമയം ആരോപണം നിഷേധിച്ച പ്രിയങ്ക് ഖാര്‍ഗെ ആത്മഹത്യാക്കുറിപ്പിൽ തന്റെ പേരില്ലെന്ന് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..