ന്യൂഡൽഹി > കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച പഞ്ചാബിൽ കർഷക ബന്ദ്. കിസാൻ മസ്ദൂർ മോർച്ച (കെഎംഎം), സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതരം) സംഘടനകൾ തിങ്കൾ രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെ ബന്ദാചരിക്കും. പാൽ, പഴം, പച്ചക്കറി വാഹനങ്ങൾ നിരത്തിലിറങ്ങില്ല. ചന്തകൾ നാലിന് ശേഷമേ തുറക്കൂ. പഞ്ചാബിലെ വിവിധയിടങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ ട്രെയിൻ തടയും. റോഡും ഉപരോധിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ എത്തരുതെന്ന് നേതാക്കൾ അഭ്യർഥിച്ചിട്ടുണ്ട്. ബന്ദ് വിജയിപ്പിക്കാൻ മറ്റ് തൊഴിലാളി സംഘടനകളുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതിനിടെ ഖനൗരി അതിർത്തിയിൽ 33 ദിവസമായി നിരാഹാരം തുടരുന്ന ദല്ലേവാളിന്റെ ആരോഗ്യം അപകടകരമാംവിധം വഷളായി. പഞ്ചാബ് മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന് ദല്ലേവാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിച്ചു.
ദല്ലേവാളിന്റെ രക്തസമ്മർദം കുത്തനെ കുറഞ്ഞെന്നും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു. സമരവേദിക്ക് സമീപം നിർമിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറണമെന്ന ആവശ്യവും നിരകാരിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ രജീന്ദ്ര മെഡിക്കൽ കോളേജ്, പട്യാല മാതാ കൗശല്യ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സംഘത്തെ പഞ്ചാബ് സർക്കാർ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ലഡാക്ക് ജനതയുടെ അവകാശങ്ങൾക്കായി പോരാടുന്ന സോനം വാങ്‌ചുക്ക് ഞായറാഴ്‌ച ദല്ലേവാളിനെ സന്ദർശിച്ചു. ചൊവ്വാഴ്‌ചയ്‌ക്കുള്ളിൽ ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാഹചര്യം സൃഷ്‌ടിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..