13 July Sunday

അംബേദ്‌കർ അവഹേളനം ; അമിത്‌ ഷാ രാജിവയ്‌ക്കണം , രാജ്യവ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

അമിത്‌ ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷപാർടികൾ 
ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ധർണ്ണ ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി
ഭരണഘടനാ ശിൽപി ബി ആർ അംബേദ്‌കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ രാജി ആവശ്യപ്പെട്ട്‌ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും എതിരായ ഹിന്ദുത്വവാദികളുടെ കടന്നാക്രമണത്തിന്റെ ഭാഗമാണ്‌ അമിത്‌ ഷായുടെ പരാമർശങ്ങളെന്ന്‌ പ്രതിഷേധപരിപാടികളിൽ ചൂണ്ടിക്കാട്ടി. അമിത്‌ ഷായെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലും പ്രതിഷേധം അലയടിച്ചു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ആർഎസ്‌പി, ഫോർവേഡ്‌ ബ്ലോക്ക്‌ എന്നീ പാർടികളാണ്‌  പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയത്‌.

ഡൽഹിയിൽ ജന്തർ മന്തറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന, സിദ്ധേശ്വർ ശുക്ല, അമർജീത്‌ കൗർ, സുചേതാ ഡേ, ആർ എസ്‌ ഡാഗർ, ധർമേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. ഒഡിഷയിൽ ഭുവനേശ്വർ, കട്ടക്ക്‌, ബെർഹാംപുർ, ജാജ്‌പുർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപരിപാടികളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ഹരിയാനയിലും രാജസ്ഥാനിലും ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി.

ത്രിപുരയിൽ അഗർത്തല, ബലോണിയ, ഉദയ്‌പുർ, കമലാപുർ എന്നിവിടങ്ങളിൽ വൻപ്രതിഷേധ റാലികൾ നടന്നു. ബംഗാളിൽ റായ്‌ഗഞ്ചിൽ ഇടതുമുന്നണി പ്രവർത്തകർ റോഡ്‌ ഉപരോധിച്ചു. ആന്ധ്രാപ്രദേശിൽ നിയമസഭാ മണ്ഡലം തലത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. വിജയവാഡയിൽ നടന്ന പ്രകടനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്‌ണ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ ഹൈദരാബാദിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top