16 July Wednesday
154–ാം ദിനം
 അതിതീവ്രം ; കേരളവും ഇന്ത്യയിലാണ്‌’ എന്ന മുദ്രാവാക്യവുമായുള്ള 
പ്രചാരണം ലക്ഷ്യംകണ്ടു

സമ്മർദവും
 പോരാട്ടവും 
ഫലംകണ്ടു ; മുണ്ടക്കൈ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ നിർബന്ധിതമായി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

തിരുവനന്തപുരം
കേരളത്തിന്റെ കടുത്ത പ്രതിഷേധവും തുടർ സമ്മർദവും നിയമപോരാട്ടവും ഫലംകാണുന്നു; ഒടുവിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ നിർബന്ധിതമായി കേന്ദ്രസർക്കാർ.

ഈ ആവശ്യമുന്നയിച്ച്‌ കേരളം അയച്ച കത്തിന്‌ മറുപടിയായി   കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കത്തിലാണ്‌   നിലപാട്‌ മാറ്റം സംസ്ഥാന സർക്കാരിനെ അറിയിച്ചത്‌. ദുരന്തം നടന്ന്‌ 154ാം ദിവസമാണ്‌ നടപടി.  എന്നാൽ ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളുന്നതടക്കമുള്ള പുനരധിവാസ പാക്കേജ്‌, അധിക അടിയന്തിര ധനസഹായം തുടങ്ങിയ  കേരളത്തിന്റെ ആവശ്യത്തിന്‌  മറുപടിയില്ല. മുണ്ടക്കൈ ദുരന്തം അതിതീവ്രമല്ലെന്ന നിലപാടാണ്‌ തുടക്കം മുതൽ  കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും ഹൈക്കോടതിയിലും പുറത്തും സ്വീകരിച്ചിരുന്നത്‌. രണ്ടുവാർഡിൽ നടന്ന ദുരന്തമെന്നായരുന്നു മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ മുണ്ടക്കൈ ദുരന്തത്തെ വിശേഷിപ്പിച്ചത്‌. 

മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായ എൽ3 പട്ടികയിൽ  ഉൾപ്പെടുത്തണമെന്ന്‌  ആഗസ്‌ത്‌ 10ന്‌ വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാവശ്യപ്പെട്ടു.  പലതവണ കേന്ദ്രത്തിന്‌ ഇതുൾപ്പെടെ ആവശ്യങ്ങളുമായി കത്തെഴുതി. തീരുമാനം വൈകിയപ്പോൾ  പ്രധാനമന്ത്രിയെ സന്ദർശിച്ച്‌ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു. 

സർക്കാർ നീക്കത്തിനുപുറമേ സിപിഐ എമ്മും എൽഡിഎഫും സമരരംഗത്തിറങ്ങിയതോടെ ജനകീയസമ്മർദം ശക്തമായി. ഇതര സംസ്ഥാന ദുരന്തങ്ങളിൽ കൈയയച്ച്‌ സഹായിക്കുന്ന കേന്ദ്രം, കേരളത്തോട്‌ രാഷ്‌ട്രീയ വിവേചനം കാണിക്കുന്നതിനെതിരെ ‘കേരളവും ഇന്ത്യയിലാണ്‌’ എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തി. ഹൈക്കോടതിയും ഇതുസംബന്ധിച്ച കേസിൽ  കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തി. പാർലമെന്റിൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ വരെ മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ അധികസഹായത്തിനായി വാദിച്ചു.  ബിജെപി ഒഴികെ കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഒരുമിച്ച്‌ പാർലമെന്റിൽ ഇതിനായി ശബ്‌ദമുയർത്തി. അഭ്യന്തരമന്ത്രിയെ സന്ദർശിച്ച്‌ നിവേദനം നൽകി.  ഒടുവിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് അതിതീവ്ര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം സ്വീകരിക്കാം എന്നതിനാലാണ്‌ ഈ ആവശ്യം കേരളം തുടക്കംമുതൽ ഉയർത്തിയത്‌.

അതിതീവ്ര 
ദുരന്തമായാൽ
● പുനരധിവാസത്തിന്‌ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് തുക കണ്ടെത്താം
● മുഴുവൻ പാർലമെന്റ്‌ അംഗങ്ങൾക്കും പ്രാദേശിക വികസന നിധിയിൽനിന്ന്‌ ഒരുകോടിരൂപവരെ അനുവദിക്കാം
● ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ സഹായം നൽകാൻ കേന്ദ്രം ബാധ്യസ്ഥമാകും
● ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ അധികൃതർ നിർബന്ധിതരാകും

മാതൃകാ ടൗൺഷിപ് ; സ്പോൺസർമാരുമായി 
മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ
ദുരന്തബാധിതർക്ക്‌ ടൗൺഷിപ് നിർമിക്കുന്നതിനുള്ള പദ്ധതിക്ക്‌ ബുധനാഴ്‌ച മന്ത്രിസഭാ യോഗത്തിൽ പൂർണരൂപമാകും.  നിലവിൽ 38 പേരാണ്‌ ഭൂമിയോ വീടോ വാഗ്‌ദാനം ചെയ്തിട്ടുള്ളത്‌. ഇവരുമായി  ബുധൻ പകൽ  12നും വൈകിട്ട്‌ നാലിനുമിടയിൽ  മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. നിർമാണ ഏജൻസിയുടെ കാര്യവും തീരുമാനമാകും.  ഭൂമിക്കുള്ള നിയമതടസ്സം നീങ്ങിയതോടെ, ഫെബ്രുവരിയോടെ ടൗൺഷിപ്‌ നിർമാണം തുടങ്ങുകയാണ്‌ ലക്ഷ്യം.  കൂടുതൽ സംഘടനകൾ സ്‌പോൺസർഷിപ്പിനു സന്നദ്ധമായാൽ അവരെയും പുനരധിവാസ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയേക്കും. ആദ്യ പട്ടികയിലെ അപാകം പരിഹരിച്ച്‌ അന്തിമ ഗുണഭോക്തൃ പട്ടിക ഉടൻ പുറത്തിറങ്ങും.  നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിലാണ്‌ ടൗൺഷിപ്പ്‌ ഉയരുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top