കൽപ്പറ്റ
പെരുന്തട്ട, വെള്ളാരംകുന്ന്, നടുപ്പാറ എന്നീ പ്രദേശങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കിടാവിന്റെ ജഡവുമായി ജനകീയ പ്രതിരോധ സമിതി ദേശീയപാത ഉപരോധിച്ചു. പെരുന്തട്ട പൂളക്കുന്നിൽ പുളിയാർക്കുന്നിൽ സതീശന്റെ മേയാൻ വിട്ട പശുക്കുട്ടിയെയാണ് വന്യമൃഗം ആക്രമിച്ചുകൊന്നത്. അരമണിക്കൂറോളം നാട്ടുകാരും രാഷ്ട്രീയപ്രവർത്തകരും പ്രതിഷേധിച്ചു. നഗരസഭ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനംചെയ്തു. വെള്ളാരംകുന്ന് വാർഡ് അംഗം രാജാറാണി അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ഗഗാറിൻ, സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, ടി സിദ്ദീഖ് എംഎൽഎ, പി കെ ബാബുരാജ്, പി കെ സുഭാഷ്, എ ഗിരീഷ്, പി കെ മുരളി, കെ ജോസ്, മുഹമ്മദാലി, വി കെ മൊയ്തീൻ എന്നിവർ സംസാരിച്ചു, ബെന്നി ലൂയിസ് സ്വാഗതവും ടി കെ മജീദ് നന്ദിയും പറഞ്ഞു. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് സമരം തുടർന്നതോടെ ഇരുവശങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കടുവയാണ് പശുക്കുട്ടിയെ ആക്രമിച്ചതെന്നും ഞായർ രാത്രി ഏഴിന് താമരക്കൊല്ലി ഭാഗത്ത് വന്യമൃഗത്തെ കണ്ടതായും നാട്ടുകാർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ, കൽപ്പറ്റ ഡിവൈഎസ്‌പി ബാബുരാജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് സമരക്കാരും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. തിങ്കൾ രാവിലെ കാമറ സ്ഥാപിച്ചു. പിന്നാലെ വൈകിട്ടോടെ പ്രദേശത്ത് കൂടും സ്ഥാപിച്ചു. ആക്രമണത്തിന് ഇരയായ പശുവിന്റെ ജഡം കൂട്ടിലിട്ടാണ് കെണി ഒരുക്കിയത്. പശുക്കുട്ടിയെ കാണാത്തതിനാൽ ഞായർ രാത്രി 7.30 വരെ വീട്ടുകാർ വിവിധയിടങ്ങളിൽ തിരഞ്ഞു. പുലി ശല്യമുള്ള ഭാഗമായതിനാൽ ഇരുട്ടത്ത് കൂടുതൽ നേരം നിന്നില്ല. ഒമ്പതരയോടെ സുഹൃത്ത് ഫോണിൽ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. കരച്ചിൽ കേട്ട് ടോർച്ച് അടിച്ചുനോക്കിയപ്പോഴാണ് വന്യമൃഗം ആക്രമിക്കുന്നത് കണ്ടത്. വെളിച്ചം കണ്ടതും പിന്തിരിഞ്ഞോടി.
പശുവിനെ പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ചത്തു. ശരീരത്തിൽ രണ്ട് ഇഞ്ചോളം ആഴത്തിലുള്ള മുറിവുണ്ട്. രാത്രികാലങ്ങളിൽ സഞ്ചാരം ഒഴിവാക്കണമെന്ന് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..