06 July Sunday

തെറ്റിനെതിരെ പ്രതികരിക്കണം, നിശ്ശബ്ദത അപകടംപിടിച്ചത്‌: പ്രകാശ് രാജ്

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

വയനാട്‌ സാഹിത്യോത്സവത്തിൽ സിനിമാനടൻ പ്രകാശ്‌ രാജ്‌ സംസാരിക്കുന്നു

 

ദ്വാരക
ബിജെപി അംബേദ്കറിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അംബേദ്കറിനെ ദുരുപയോഗംചെയ്യാൻ ശ്രമിക്കുന്നതായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.  വയനാട് സാഹിത്യോത്സവത്തി​ൽ കലയും രാഷ്ട്രീയവും എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകയായ ധന്യാരാജേന്ദ്രനുമായി സംസാരിക്കുകയായിരുന്നു പ്രകാശ്‌ രാജ്‌.  പ്രതികരിക്കുക എന്നത് തനിക്കൊരു ഭാരമല്ല, മറിച്ച്‌    ഉത്തരവാദിത്വമാണ്‌.  സന്തോഷത്തോടെയാണ് ആ ഉത്തരവാദിത്വം നിറവേറ്റുന്നതും. കൂടിപ്പോയാൽ തന്നെ കൊല്ലാനാകും എന്നാലും നിശ്ശബ്ദനാക്കാൻ കഴിയില്ല. ഈ മനോഭാവത്തി​ന്റെ വിത്ത് പാകിയത് ഗൗരിലങ്കേഷി​ന്റെ  കൊലപാതകമാണ്.  ഒരു ശബ്ദത്തെ അവർ നിശ്ശബ്ദമാക്കുമ്പോൾ അതിനേക്കാൾ വലിയൊരു ശബ്ദം പിറവിയെടുക്കുന്നു ഒരു ഗൗരി കൊല്ലപ്പെടുമ്പോൾ പത്ത്‌ മാധ്യമപ്രവർത്തകർക്കുള്ള   ജാഗ്രതാ നിർദേശംകൂടിയാണ്. അവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം കൂടിയാണ് അത്. അതിൽ ബിജെപിക്കും കോൺഗ്രസിനും പങ്കുണ്ട്. 
    തെറ്റിനെതിരെ പ്രതിരോധം തീർക്കാൻ നാം ഇനിയുമേറെ  ശബ്ദിച്ചുകൊണ്ടിരിക്കണം. നിശ്ശബ്ദത എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. ചരിത്രം തെറ്റുകൾ ക്ഷമിച്ചാലും  നിശ്ശബ്ദമായിരുന്നവരോട്  ക്ഷമിക്കില്ല. മണിപ്പുർ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ  നമ്മുടെ പ്രധാനമന്ത്രി ആ സ്ഥലം സന്ദർശിക്കുമായിരുന്നു.   മണിപ്പുരിലെ ഒരു കുടുംബത്തെ സന്ദർശിക്കുന്നതിനെക്കാൾ അദ്ദേഹത്തിന് താൽപ്പര്യം  സിനിമാ താരങ്ങൾക്ക് ഒപ്പം സമയം ചെലവിടുന്നതിനാണ്.  അതുകൊണ്ടുതന്നെ പ്രധാനമന്ത്രി എന്നതിലുപരി ഒരു നടനാണ്‌.   ഹൃദയമില്ലാത്ത ഒരു മനുഷ്യനുമാണ്‌. ഒരു ജീവനറ്റ വ്യക്തിക്ക് മാത്രമേ അരാഷ്ട്രീയവാദിയാകാൻ സാധിക്കൂവെന്നും   പ്രകാശ് രാജ് പറഞ്ഞു.   സിനിമക്കും രാഷ്ട്രീയമുണ്ടെന്നും ഒരിക്കലും ഒരു സിനിമയെ സിനിമയായി മാത്രം കാണാനാകില്ലെന്നും  പ്രകാശ് രാജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top