06 July Sunday
ഭരണസമിതിയിൽ നിന്ന്‌ നഷ്ടം ഈടാക്കും

കോൺഗ്രസ്‌ ഭരിക്കുന്ന 
വെണ്ണൂർ ബാങ്കിൽ ക്രമക്കേട്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024
മാള
കോൺഗ്രസ്‌ ഭരിക്കുന്ന വെണ്ണൂർ സർവീസ്‌ സഹകരണ ബാങ്കിൽ  ക്രമക്കേട്‌. ബാങ്കിന്‌ വന്ന നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ  സഹകരണവകുപ്പ്‌ ഉത്തരവ്‌. 
കോൺഗ്രസ്‌ ഭരിച്ചിരുന്ന വെണ്ണൂർ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ  ജപ്‌തി ഒഴിവാക്കാൻ വെണ്ണൂർ ബാങ്കിന്റെ പണം ദുരുപയോഗം ചെയ്‌തതായാണ്‌ പ്രധാന കണ്ടെത്തൽ. സഹകരണ നിയമം വകുപ്പ്‌ 68(2) പ്രകാരം അന്വേഷണം നടത്തിയ ശേഷമാണ്‌ ഭരണസമിതി അംഗങ്ങളിൽ നിന്ന്‌ നഷ്ടം ഈടാക്കാൻ  ഉത്തരവിറക്കിയത്‌. കോൺഗ്രസ്‌ നേതാക്കളായ യു ഒ സേവ്യർ പ്രസിഡന്റായും എം വാരിജാക്ഷൻ വൈസ്‌ പ്രസിഡന്റായും പ്രവർത്തിക്കുന്ന ബാങ്കിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. വെണ്ണൂർ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള അന്നമനടയിലുള്ള  കെട്ടിടം വെണ്ണൂർ സഹകരണ ബാങ്ക്‌  56 മാസത്തേക്ക്‌ വാടകയ്ക്ക്‌ എടുത്തു. 
56 മാസത്തെ വാടക 5,04,000 രൂപ മുൻകൂറായി നൽകി. എന്നാൽ ഈ കെട്ടിടത്തിൽ 56 മാസവും യാതൊരുപ്രവൃത്തിയും നടത്തിയില്ല.  56 മാസത്തിനുശേഷം കെട്ടിടം ഒഴിഞ്ഞു നൽകി. പച്ചതേങ്ങ സംസ്‌കരണ യൂണിറ്റ്‌ തുടങ്ങാനെന്ന പേരിലാണ്‌ കെട്ടിടം വാടകയ്ക്ക്‌ എടുത്തത്‌. 
സർക്കാരിലേക്ക്‌ അപേക്ഷിച്ച പദ്ധതിയുടെ പേരിൽ ഫണ്ട്‌ അനുവദിക്കുന്നതിന്‌ മുമ്പ്‌ മറ്റൊരു സ്ഥാപനവുമായി സംഘത്തിന്‌ പിൻവാങ്ങാൻ കഴിയാത്തവിധം ദീർഘകാല കരാറിൽ ഏർപ്പെട്ടു.  ഖാദി സംഘത്തിന്റെ ജപ്തി നടപടി ഒഴിവാക്കാനായിരുന്നു ഈ കരാറെന്ന്‌ വ്യക്തമാണ്‌. അതുവഴി ആസൂത്രിതമായി സംഘത്തിന്റെ പൊതുഫണ്ട്‌ നഷ്ടപ്പെടുത്തി. ഭരണസമിതി അംഗങ്ങൾ ഈ നഷ്ടത്തിന്റെ ഉത്തരവാദികളാണെന്ന്‌ ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ ധനസഹായവും സ്വന്തം ഫണ്ടും ഉപയോഗിച്ച്‌ നടപ്പാക്കിയ മണ്ണ്‌ ഗവേഷണ കേന്ദ്രം, ടിഷ്യൂ കർച്ചർ ലാബ്‌ കർഷക  സേവനകേന്ദ്രം എന്നിവയ്‌ക്ക്‌  കെട്ടിട നിർമാണത്തിന്‌  പ്രോജക്ട്‌ തുകയേക്കാൾ അധികരിച്ച്‌ പണം ചെലവഴിച്ചു. ഇതിന്‌ സഹകരണവകുപ്പ്‌  അനുമതി വാങ്ങിയില്ല. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കൃഷി, പുളിത്തൈ വിതരണം എന്നിവയിലും ക്രമക്കേട്‌ കണ്ടെത്തിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top