06 July Sunday

പാലിയേക്കര ടോളിൽ കുരുങ്ങി യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

പാലിയേക്കര ടോളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ

പാലിയേക്കര 
ദേശീയപാത പാലിയേക്കര ടോളിലെ  ഗതാഗതക്കുരുക്കിൽ വലഞ്ഞ്‌ യാത്രക്കാർ.  ശനി വൈകിട്ട് അഞ്ചു മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടോൾ അധികൃതരും നടപടിയെടുത്തില്ല. ടോൾ ബൂത്തിൽനിന്ന്‌ ഇരുഭാഗത്തേക്കും ഒരു കിലോമീറ്ററോളം വാഹനനിര നീണ്ടു. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുരുക്കിൽ അകപ്പെട്ടു. അര മണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ ടോൾപ്ലാസ കടന്നത്. 
ഇതിനിടെ വരിയിൽ നിന്ന് വലഞ്ഞ യാത്രക്കാരും ടോൾ അധികൃതരും തമ്മിൽ പലതവണ തർക്കം നടന്നു. ജെറുസലേം ധ്യാനകേന്ദ്രം കടന്നും പുതുക്കാട് സ്റ്റാൻഡ്‌ വരെയും ഇരുവശങ്ങളിലായി വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ടോളിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമായിരുന്നു.  ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് വേഗത്തിൽ സ്കാൻ ചെയ്യാത്തതാണ് തിരക്കിന് കാരണമെന്നാണ് പറയുന്നത്. ടോൾ ബൂത്തിൽ അഞ്ചു വാഹനത്തിനുമേൽ വാഹനങ്ങൾ നിരന്നാൽ ബൂത്ത്‌ തുറന്നുവിടണമെന്ന നിയമം ഉണ്ടെങ്കിലും അധികൃതർ പാലിക്കാറില്ല. ഇത്രയേറെ തിരക്കേറിയിട്ടും ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടാത്തത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top