06 July Sunday

വിസ്മയിപ്പിച്ച് നിശ്ചല ദൃശ്യങ്ങള്‍

ജോർജ്‌ ജോൺUpdated: Saturday Dec 28, 2024

ബോൺ നത്താലെ ഘോഷയാത്രയിൽ വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ നിശ്ചല ദൃശ്യം

തൃശൂർ
ഏദൻതോട്ടവും വടക്കുന്നാഥക്ഷേത്രവും തേക്കിൻകാട്‌ മൈതാനവും പുത്തൻപള്ളിയും ചെട്ടിയങ്ങാടി മസ്‌ജിദും... ദൃശ്യവിരുന്നായി ബോൺ നത്താലെയിലെ നിശ്ചലദൃശ്യങ്ങൾ. 60 അടി നീളമുള്ള ചലിക്കുന്ന എൽഇഡി ഏദൻതോട്ടത്തെ കരഘോഷത്തോടെയാണ്‌ പാപ്പാമാരും ജനങ്ങളും വരവേറ്റത്‌. 
ബൈബിൾ ആസ്‌പദമാക്കിയും തൃശൂരിന്റെ സാംസ്‌കാരിക–- മതനിരപേക്ഷ പാരമ്പര്യം വിളിച്ചോതുന്ന  സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും പ്രമേയമാക്കിയതായിരുന്നു നിശ്ചലദൃശ്യങ്ങൾ. വയനാട്‌ മുണ്ടക്കൈ ദുരന്തവും വീണ്ടെടുപ്പിന്റെ സന്ദേശവും ഉയർത്തിയ നിശ്ചയദൃശ്യം ജനശ്രദ്ധനേടി. മോശയും കടലും അരയന്നവും സ്വർഗ കവാടവും ഭീമൻ നക്ഷത്രവും ക്രിസ്‌മസ്‌ പാപ്പയുടെ ഭീമൻ തൊപ്പിയും കഥകളി രൂപവും ആകർഷകമായി. 
ബോൺ നത്താലെ ഒരുക്കിയ 15  വലിയതും ഇടവകളിൽ നിന്നുള്ള  ആറ് ചെറുതും ഉൾപ്പെടെ 21 നിശ്ചലദൃശ്യങ്ങളാണ്‌ റാലിയിൽ അണിനിരന്നത്‌. തൃശൂർ കണ്ണംകുളങ്ങര ക്രിസ്‌തുരാജ  ഇടവക ഭീമൻ നക്ഷത്രവും ലുർദ്‌ മെട്രോപ്പോളിറ്റൻ കത്തീഡ്രൽ  ഭീമൻ ക്രിസ്‌മസ്‌ പാപ്പയുടെ തൊപ്പിയും ഒരുക്കി. ചലിക്കുന്ന പൂൽക്കൂടും ക്രിസ്‌മസ്‌ വില്ലേജ്‌, ക്രിസ്‌മസ്‌ ബെൽ, എന്റെ കേരളം, ക്രിസ്‌മസ്‌ ട്രെയിൻ, ലേണിങ്‌ സിറ്റി എന്നിവയും ശ്രദ്ധേയമായി. 
ലോറികളിൽ ഒരുക്കിയ 40 അടിയിലേറെ വലുപ്പമുള്ള നിശ്ചലദൃശ്യങ്ങളാണ്‌ പാപ്പാമാരുടെ ചുവപ്പുപ്രവാഹത്തിനൊപ്പം നീങ്ങിയത്‌. ബോൺ നത്താലെ ആസ്വദിക്കാൻ വിദേശികളുൾപ്പെടെ  വൻ ജനാവലി എത്തി. പ്രായഭേദമില്ലാതെ കുട്ടികളും സ്‌ത്രീകളും യുവാക്കളും നഗരത്തിൽ നൃത്തംവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top